കൊച്ചി : നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിലെ മുഖ്യപ്രതിയായ മുൻ എസ്.ഐ കെ.എ. സാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. രണ്ടുലക്ഷം രൂപയുടെ ബോണ്ടും തുല്യതുകയ്ക്കുള്ള ആൾജാമ്യവുമാണ് മുഖ്യവ്യവസ്ഥ. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണം. എറണാകുളം ജില്ല വിട്ടുപോകരുത്, നാലുമാസത്തേക്ക് കോട്ടയം, ഇടുക്കി ജില്ലകളിൽ പ്രവേശിക്കരുത്, പ്രതികളുടെയും ആൾജാമ്യക്കാരുടെയും ഫോൺനമ്പരുകളും വിലാസവും ജയിൽ സൂപ്രണ്ടിന് കൈമാറണം എന്നിവയാണ് മറ്റു ജാമ്യവ്യവസ്ഥകൾ.
സാമ്പത്തിക തട്ടിപ്പുകേസിൽ അറസ്റ്റിലായ നെടുങ്കണ്ടം സ്വദേശി രാജ്കുമാർ പൊലീസ് കസ്റ്റഡിയിൽ ക്രൂരമായ പീഡനത്തെത്തുടർന്ന് കൊല്ലപ്പെട്ട കേസിലെ ഒന്നാം പ്രതിയാണ് സാബു. പൊലീസ് അന്വേഷിച്ച കേസ് പിന്നീട് സി.ബി.ഐയ്ക്കു കൈമാറി. ഇരു ഏജൻസികളും കുറ്റപത്രം നൽകിയിട്ടില്ല. രണ്ടു ഘട്ടങ്ങളിലായി 90 ദിവസത്തെ കസ്റ്റഡി പൂർത്തിയാക്കിയതിനാൽ പ്രതിക്ക് സ്വാഭാവികജാമ്യത്തിന് അർഹതയുണ്ടെന്ന് സിംഗിൾബെഞ്ച് വിലയിരുത്തി. സാബുവിനെ നേരത്തെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. പിന്നീട് ഇയാൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും സുപ്രീംകോടതി റദ്ദാക്കി. സുപ്രീംകോടതിയുടെ വിധിയനുസരിച്ച് വീണ്ടും സാബുവിനെ അറസ്റ്റ് ചെയ്തു. തുടർന്നാണ് ജാമ്യാപേക്ഷ നൽകിയത്.