കൊച്ചി: വിദേശത്ത് നിന്ന് തിരിച്ചെത്തുന്ന പ്രവാസികളേയും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരേയും താമസിപ്പിക്കാൻ കൊച്ചി കോർപ്പറേഷൻ സൗകര്യങ്ങൾ ഒരുക്കി വരികയാണെന്ന് മേയർ സൗമിനി ജെയിൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

നഗരത്തിൽ 11 വലിയ കെട്ടിടങ്ങളും വിവിധ ഡിവിഷനുകളിലായി 1144 ആളൊഴിഞ്ഞ കെട്ടിടങ്ങളും കണ്ടെത്തിയിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ മുറികളും സൗകര്യങ്ങളും സജ്ജമാക്കാൻ തയ്യാറാണ്.

സാമ്പത്തികശേഷിയുള്ള പ്രവാസികളിൽ നിന്ന് ക്വാറന്റൈൻ വാടക ഈടാക്കുന്നതടക്കം ആലോചിക്കുന്നുണ്ടെന്ന് മേയർ പറഞ്ഞു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കോർപ്പറേഷന് അടുത്ത മാസം ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും പറ്റാത്ത സ്ഥിതിയാണ്. നികുതി ഉൾപ്പെടെ വരുമാനം ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ മാർച്ചിൽ ലഭിച്ചതിന്റെ നാലിലൊന്ന് പോലും ഇതുവരെ ലഭിച്ചിട്ടില്ല. മേയർ വ്യക്തമാക്കി.

ഡെപ്യൂട്ടി മേയർ കെ.ആർ പ്രേമകുമാർ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.എം ഹാരിസ്, ഗ്രേസി ജോസഫ്, ജോൺസൺ മാസ്റ്റർ തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.