ആലുവ: ലോക്ക് ഡൗൺ കാലത്തെ വൈദ്യുതിബില്ല് സംബന്ധിച്ച് ഉപഭോക്താക്കളുടെ ആശങ്കയും സംശയവും ദുരീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ആലുവ നിയോജകമണ്ഡലം കമ്മിറ്റി കെ.എസ്.ഇ.ബി എക്‌സിക്യുട്ടീവ് എൻജിനീയർ ആർ. സിന്ധുവിനെ ഉപരോധിച്ചു.
ബി.പി.എൽ കാർഡിൽ ഉൾപ്പെട്ടവർക്കും കാൻസർ, കിടപ്പുരോഗികൾ തുടങ്ങിയവർക്കും വൈദ്യുതി സൗജന്യമാക്കുക, അടഞ്ഞുകിടക്കുന്ന വ്യാപാര സ്ഥാപനങ്ങളിലെ മിനിമംചാർജ് ഒഴിവാക്കുക, വൈദ്യുതി സർചാർജ് ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഉപരോധം. നിയോജകമണ്ഡലം പ്രസിഡന്റ് ഹാസിം ഖാലിദിന്റെ നേതൃത്വത്തിൽ നടത്തിയ സമരത്തിൽ സംസ്ഥാന സെക്രട്ടറി ലിന്റോ പി ആന്റു, മുഹമ്മദ് ഷഫീക്ക്, ജില്ലാ സെക്രട്ടറി എ.എ. അബ്ദുൽ റഷീദ്, പി.എച്ച്. അസ്‌ലം എന്നിവർ നേതൃത്വം നൽകി. ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു സമരം.