കൊച്ചി: യു.എ.ഇയിൽ പക്ഷാഘാതം ബാധിച്ച് ചികിത്സയിലായിരുന്ന രോഗിയെ വിദഗ്ദ്ധചികിത്സക്ക് എയർ ആംബുലൻസിൽ കൊച്ചിയിലെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിസിറ്റിംഗ് വിസയിൽ ജോലിതേടി ദുബായിലെത്തിയ പത്തനംതിട്ട സ്വദേശി ദിലീപ് ശബരീഷിനെയാണ് (30) ഇന്ത്യ, യു.എ.ഇ സർക്കാരുടെ പിന്തുണയോടെ എത്തിച്ചത്.
ഇന്നലെ അർദ്ധരാത്രിയാണ് ആംബുലൻസ് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയത്. രോഗിയെ ആസ്റ്റർ മെഡ്‌സിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. മെഡിക്കൽസംഘവും രോഗിയെ അനുഗമിച്ചു.
യു.എ.ഇയിലെ ഇന്ത്യൻ എംബസി, കോൺസുലേറ്റ് ഉദ്യോഗസ്ഥർക്ക് പുറമേ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, ഇന്ത്യൻ കോൺസുലേറ്റ് മെഡിക്കൽ കൗൺസിൽ അംഗവും സന്നദ്ധപ്രവർത്തകനുമായ പ്രവീൺകുമാർ എന്നിവരാണ് പ്രത്യേക ശ്രമങ്ങൾ നടത്തിയത്. സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ചിരുന്നു. രോഗിയും സഹയാത്രികരും കൊവിഡ് പരിശോധനയിൽ നെഗറ്റീവ് ആണെന്ന് ഉറപ്പുവരുത്തിയതായി യൂണിവേഴ്‌സൽ മെഡിക്കൽ ട്രാൻസ്ഫർ സർവീസ് മെഡിക്കൽ ഡയറക്ടർ ഡോ. അഫ്‌സൽ മുഹമ്മദ് അറിയിച്ചു.