കൊച്ചി: മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ബ്രഹ്മപുരത്തെ ആധുനിക പ്ലാന്റ് നിർമ്മാണ കരാർ റദ്ദുചെയ്ത തീരുമാനം അംഗീകരിക്കുന്നുണ്ടെങ്കിലും പ്രതിസന്ധി ഒഴിവാക്കുന്നതിന് സർക്കാർ ഇടപെടണമെന്നും മേയർ സൗമിനി ജെയിൻ ആവശ്യപ്പെട്ടു. നിലവിലുള്ള പ്ളാന്റിനെ ആശ്രയിച്ച് അധികകാലം തുടരാൻ കഴിയില്ല. ജില്ലയിലെ അഞ്ച് മുനിസിപ്പാലിറ്റികളും മൂന്ന് പഞ്ചായത്തുകളും മാലിന്യസംസ്കരണത്തിനായി ഈ പ്ളാന്റിനെയാണ് ആശ്രയിക്കുന്നത്. പ്രതിസന്ധിക്ക് യുക്തമായ പരിഹാരം ഉണ്ടാകാതെ മുന്നോട്ടു പോകാൻ കഴിയില്ലെന്ന കാര്യം മുഖ്യമന്ത്രിയെ നേരിൽ കണ്ടു ബോധ്യപ്പെടുത്തും. ഇതിനായി പ്രതിപക്ഷവും സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളും അടങ്ങുന്ന സർവകക്ഷി സംഘം ലോക്ക് ഡൗണിന് ശേഷം മുഖ്യമന്ത്രിയെ നേരിൽ കാണുമെന്ന് മേയർ പറഞ്ഞു.. ബ്രഹ്മപുരം വിഷയം ചർച്ച ചെയ്യുന്നതിനായി ചേർന്ന സ്പെഷ്യൽ കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു മേയർ .

ആധുനിക പ്ളാന്റിന് വേണ്ടിയുള്ള പത്ത് പെർമിറ്റുകൾ ലഭിക്കുന്നതിന് ജി.ജെ ഇക്കോ കമ്പനിക്ക് .നാലു വർഷം കാത്തിരിക്കേണ്ടിവന്നു. ഈ സാഹചര്യത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി പുതിയ പ്ളാന്റ് ഏതുകാലത്ത് യാഥാർത്ഥ്യമാകുമെന്ന് മേയർ ചോദിച്ചു.

അതേസമയം നഗരസഭയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണ് കരാർ റദ്ദാക്കുന്നതിൽ എത്തിച്ചതെന്ന് പ്രതിപക്ഷ നേതാവ് കെ.ജെ. ആന്റണി കുറ്റപ്പെടുത്തി. സർക്കാർ കമ്പനിക്ക് വേണ്ടി ധാരാളം ഇളവുകൾ നൽകിയിട്ടും ഫലമുണ്ടായില്ല. ജി.ജെ.കമ്പനി തുടക്കം മുതൽ കരാർ ലംഘനത്തിൽ വരുത്തിയ വീഴ്ചകൾ കോടതിയെ ബോദ്ധ്യപ്പെടുത്തണമെന്ന് സി.എ.പീറ്റർ പറഞ്ഞു. പ്ളാന്റ് വരുമെന്ന് പറഞ്ഞ് മാലിന്യത്തിന്റെ അളവ് കൂട്ടാനാണ് നഗരസഭ ശ്രമിച്ചതെന്ന് വി.പി.ചന്ദ്രൻ കുറ്റപ്പെടുത്തി.

.കരാർ നടപടികളുടെ ഭാഗമായി കമ്പനിക്ക് നൽകിയ 70 ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരന്റിയുടെ തുക കോർപ്പറേഷനിലേക്ക് കണ്ടുകെട്ടണമെന്ന് വി.കെ.മിനിമോൾ ആവശ്യപ്പെട്ടു.