വൈപ്പിൻ : സംസ്ഥാന അക്ഷരവൃക്ഷം സാഹിത്യ സമാഹാരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ' അന്നും ഇന്നും ' എന്ന കവിത രചിച്ച കുട്ടിക്കവയിത്രിയെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി എൻ.എസ്. ആര്യയ്ക്കാണ് മന്ത്രിയുടെ അഭിനന്ദനക്കത്ത്.
സ്റ്റുഡന്റ് പൊലീസ് കേഡറ്റ് കൂടിയായ ആര്യ സ്‌കൂളിലെ എസ്.പി.സി പദ്ധതിയുടെ നേതൃത്വത്തിൽ നടന്ന ലോക്ക് ഡൗൺ ആക്ടിവിറ്റികളുടെ ഭാഗമായാണ് കവിതയെഴുതി അദ്ധ്യാപകർക്ക് കൈമാറിയത്. ലോക്ക് ഡൗൺ കാലത്ത് വിദ്യാർത്ഥികളിൽ നിന്നും ശേഖരിച്ച നാല്പതിനായിരത്തോളം സൃഷ്ടികളാണ് വിദ്യാഭ്യാസ വകുപ്പിൽ ലഭിച്ചത്. ഇതിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട രചനകൾ ഉൾപ്പെടുത്തിയ പുസ്തകം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് പ്രകാശനം ചെയ്തിരുന്നു.
കൊവിഡിന് മുമ്പുള്ള കാലത്തേയും ശേഷമുള്ള കാലത്തേയും താരതമ്യം ചെയ്യുന്ന ആശയമാണ് കവിതയിൽ ഉള്ളത്. ലോക്ക് ഡൗൺ കഴിയുമ്പോൾ കൂട്ടിലടച്ച കിളികളെ പറത്തിവിടണമെന്ന ചിന്ത കുട്ടിക്കവിതയിൽ നിഴലിക്കുന്നുണ്ട്. എടവനക്കാട് നികത്തുതറ സന്തോഷിന്റെയും രാജിയുടേയും മകളാണ് ആര്യ.