ആലുവ: കുന്നത്തേരിയിൽ എസ്.ഡി.പി.ഐ ആക്രമണത്തിൽ പരിക്കേറ്റ് രണ്ടുപേർ ആശുപത്രിയിലായി. എടത്തല കല്ലുങ്കപറമ്പ് കല്ലായി ഷാജി, കുന്നത്തേരി ഇടശേരി വീട് മുഹമ്മദ്കുഞ്ഞ് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും ആലുവ നജാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷാജിയുടെ രണ്ടു കാലുകൾക്കും കൈക്കും ഒടിവുണ്ട്.

കുന്നത്തേരിയിൽ ഷാജി വാങ്ങിയ സ്ഥലത്ത് കെട്ടിടം നിർമ്മിക്കുമ്പോൾ എസ്.ഡി.പി.ഐ ആവശ്യപ്പെട്ട ഫണ്ട് നൽകാത്തതിന്റെ പേരിൽ ഈ സ്ഥലം നിലമാണെന്ന പേരിൽ വില്ലേജിലും പഞ്ചായത്തിലും പരാതി നൽകിയിരുന്നതായും ഡാറ്റാബാങ്കിൽ ഉൾപ്പെടാത്തതിനാൽ തടസമൊന്നുമില്ലെന്നറിഞ്ഞ് നേരിട്ടു തടയുന്ന സ്ഥിതിയാണുണ്ടായതെന്നും ഷാജി പറഞ്ഞു. ശല്യമേറിയപ്പോൾ ഷാജി നൽകിയ പരാതിയിൽ പ്രതികളെ എടത്തല പൊലീസ് വിളിച്ച് താക്കീത് ചെയ്തിരുന്നതുമാണ്.
നാട്ടിൽ സമാധാനം തകർക്കുന്ന എസ്.ഡി.പി.ഐ അക്രമികളുടെ പേരിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സി.പി.എം ആലുവ ഏരിയ സെക്രട്ടറി എ.പി. ഉദയകുമാർ ആവശ്യപ്പെട്ടു.