ആലുവ: ന്യൂജെൻ വേഷത്തിൽ മാസ്കും ധരിച്ചെത്തിയ അൻവർ സാദത്ത് എം.എൽ.എയെ തിരിച്ചറിയാതെ ആർ.പി.എഫ് ഉദ്യോഗസ്ഥർ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യൂവിലേക്ക് മാറി നിൽക്കാൻ പറഞ്ഞത് കൂട്ടച്ചിരിക്കിടയാക്കി. തിങ്കളാഴ്ച രാത്രി എട്ടരയോടെ ആലുവ റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം.
വീട്ടിൽ നോമ്പുതുറന്നശേഷം സാധാരണ ധരിക്കാറുള്ള ഖദർ മാറ്റി ജീൻസും ടീ ഷർട്ടും ധരിച്ചാണ് എം.എൽ.എ സ്റ്റേഷനിലെത്തിയത്. മാസ്‌കും വെച്ചിരുന്നു. ഇതാണ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിനും റെയിൽവേ പൊലീസിനും ഡ്യൂട്ടിയിലുള്ള പോലീസുകാർക്കും മറ്റ് ഉദ്യോഗസ്ഥർക്കും ആളെ തിരിച്ചറിയാൻ കഴിയാതിരുന്നതിന് കാരണം. അസിസ്റ്റന്റ് കളക്ടർ എം.എസ്. മാധവിക്കുട്ടിയും ഡിവൈ.എസ്.പി. ജി. വേണുവും ഉൾപ്പടെയുള്ളവർ അവിടെയുണ്ടായിരുന്നെങ്കിലും അവരും എം.എൽ.എയെ തിരിച്ചറിഞ്ഞില്ല. ഒടുവിൽ എം.എൽ.എ മാസ്‌ക് അഴിച്ചുമാറ്റിയപ്പോൾ ഞെട്ടിയത് ഉദ്യോഗസ്ഥരായിരുന്നു. 'ആളറിയാതെ എം.എൽ.എയെ ഇപ്പോൾ ബംഗാളിലേയ്ക്ക് വിട്ടേനേയെന്ന്' ചിലർ കമന്റും പാസാക്കി.
തിങ്കളാഴ്ച രണ്ട് ട്രെയിനുകളാണ് ആലുവയിൽ നിന്ന് പുറപ്പെട്ടത്. രാത്രി 7.30ന് ജാർഖണ്ഡിലേയ്ക്ക് പോയ ആദ്യത്തെ ട്രെയിൻ പുറപ്പെട്ടപ്പോൾ എം.എൽ.എ. സാധാരണ ധരിക്കാറുള്ള ഖദർ ഷർട്ടും മുണ്ടുമാണ് ഇട്ടാണ് എത്തിയത്. രാത്രി 10നുള്ള രണ്ടാമത്തെ ട്രെയിനിലുള്ളവരെ യാത്രയാക്കാൻ വന്നപ്പോഴാണ് എം.എൽ.എ. ജീൻസും ടീഷർട്ടും ധരിച്ചത്. ഉദ്യോഗസ്ഥർ കൃത്യമായി ഡ്യൂട്ടി നിർവഹിക്കുന്നതിൽ സംതൃപ്തി രേഖപ്പെടുത്തിയാണ് എം.എൽ.എ മടങ്ങിയത്.