ആലുവ: തായിക്കാട്ടുകര എസ്.എൻ പുരത്ത് സൂപ്പർമാർക്കറ്റിൽ മാസ്ക് ധരിക്കാത്തതിന്റെ പേരിലുണ്ടായ തർക്കത്തിന്റെ തുടർച്ചയായി ഷോപ്പ് മാനേജർക്ക് മർദ്ദനമേറ്റു. എസ്.എൻ പുരം പള്ളിച്ചിറയിൽ സുനിൽ മാത്യുവിനെ (52) പരിക്കുകളോടെ ആലുവ കാരോത്തുകുഴി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം.
സ്വകാര്യ മാർക്കറ്റിംഗ് സ്ഥാപനത്തിൽ ജോലിചെയ്യുന്ന നാല് യുവാക്കളാണ് അക്രമണത്തിന് പിന്നിലെന്ന് സുനിൽമാത്യു ആലുവ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. കഴിഞ്ഞയാഴ്ച പ്രതികൾ നാലുപേരും സൂപ്പർമാർക്കറ്റിൽ സാധനങ്ങൾ വാങ്ങാനെത്തി. മാസ്ക് ധരിച്ചശേഷം കയറിയാൽ മതിയെന്ന് സുനിൽമാത്യു നിർദ്ദേശിച്ചു. ഇതിന്റെ പേരിൽ തർക്കമുണ്ടായി. സംഘം പിന്നീട് ഭീഷണി മുഴക്കിയശേഷം മടങ്ങി.
ഫുഡ് ഇൻസ്പെക്ടർ ആണെന്ന് പറഞ്ഞ് ശനിയാഴ്ച വൈകിട്ട് മൂന്ന് പേർ കടയിലെത്തി സാധനങ്ങളെല്ലാം വലിച്ച് വാരിയിട്ട് പരിശോധിച്ചു. തീയതി കഴിഞ്ഞ സാധനമുള്ളതിനാൽ കേസെടുക്കുമെന്ന് പറഞ്ഞ് ഭീഷണി മുഴക്കി. വ്യാജ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥനാണെന്ന് സംശയമുയർന്നതിനെ തുടർന്ന് ഞായറാഴ്ച സുനിൽ ആലുവ പൊലീസിൽ പരാതി നൽകി. നേരത്തെ ഭീഷണി മുഴക്കിയ മാർക്കറ്റിംഗ് സ്ഥാപനത്തിലെ ജീവനക്കാർക്കെതിരെയും പരാതി ഉന്നയിച്ചിരുന്നു. ഇന്ന് രാവിലെ പത്തിന് ഇരുകൂട്ടരോടും ആലുവ പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നിർദേശം നൽകിയിരിക്കെയാണ് ഇന്നലെ വൈകിട്ട് വീണ്ടും അതിക്രമം നടന്നത്.