കോലഞ്ചേരി: വേനൽ മഴയിലും കാറ്റിലും കുറിഞ്ഞി, മീമ്പാറ, പരിയാരം, പുളിച്ചോട് കുരിശ്, വാട്ടർ അതോറിറ്റി ഭാഗങ്ങളിൽ മരങ്ങൾ കടപുഴകി വീണു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് കാറ്റ് വീശിയത്. പുളിച്ചോട് കുരിശ് ജംഗ്ഷനിൽ തൊട്ടിയിൽ രാജുവിന്റെ കടയ്ക്ക് മുമ്പിൽ നിന്നിരുന്ന വാകമരം മറിഞ്ഞു.11 കെ.വി ലൈൻ പൊട്ടിവീണു. മീമ്പാറ ആലയ്ക്കൽ പുത്തൻപുരയിൽ ജോബിയുടെ വീടിന് മുകളിലേക്ക് പൊങ്ങില്യം കടപുഴകി വീണ് വീടിന്റെ ഗേറ്റ് പൂർണമായും തകർന്നു.മീമ്പാറ വട്ടപ്പറമ്പിൽ പൗലോസിന്റെ വീട്ടിലെ തേക്ക് മരം വൈദ്യുതി ലൈനിലേക്ക് മറിഞ്ഞു. പരിയാരത്ത് അടയ്ക്കാമരം വൈദ്യുതി ലൈനിലേക്ക് വീണു.ചൂണ്ടി പരിയാരം മീമ്പാറ കുറിഞ്ഞി ഭാഗങ്ങളിൽ വൈദ്യുതി നിലച്ചു.