നെടുമ്പാശേരി: സാമൂഹ്യഅകലം പാലിച്ച് ടി 3 ടെർമിനലിലിലെ അറൈവൽഭാഗത്ത് ഒരേസമയം ആയിരത്തോളം യാത്രക്കാരെ കൈകാര്യംചെയ്യാൻ സംവിധാനം ഏർപ്പെടുത്തിയതായി സിയാൽ ഡയറക്ടർ എ.സി.കെ. നായർ പറഞ്ഞു. പ്രത്യേക വിമാനത്തിൽ വരുന്ന പ്രവാസികൾ ആദ്യമെത്തുക ഹെൽത്ത് കൗണ്ടറിലാണ്. അവിടെ നടക്കുന്ന പ്രാഥമിക പരിശോധനയിൽ രോഗലക്ഷണങ്ങൾ പ്രകടമാകുന്നവരെ നേരെ എയർസൈഡുവഴിതന്നെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റും. അല്ലാത്തവരെ എമിഗ്രേഷൻ കൗണ്ടറിലെയും കസ്റ്റംസ് വിഭാഗത്തിലെയും പരിശോധനകൾ പൂർത്തിയാക്കിയശേഷം പ്രത്യേകമായി സജ്ജമാക്കിയ ഭാഗത്തേക്ക് മാറ്റും. അവിടെനിന്ന് സർക്കാരിന്റെ നിർദ്ദേശപ്രകാരമുള്ള വാഹങ്ങളിൽ യാത്രക്കാരെ കൊണ്ടുപോകും.

യാത്രക്കാരെത്തുന്ന എല്ലാഭാഗത്തും സാമൂഹ്യഅകലം പാലിക്കാൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഓരോ വിമാനത്തിലെയും യാത്രക്കാർ മടങ്ങുന്നതിനൊപ്പം വിമാനത്താവളം അണുവിമുക്തമാക്കും. വിമാനത്താവളത്തിലെ ജീവനക്കാരെ പ്രത്യേക വിഭാഗങ്ങളായി തിരിച്ച് സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു.