taxi-kit
ആലുവ റെയിൽവെ സ്റ്റേഷൻ ടാക്സി ഡ്രൈവേഴ്സ് വെൽഫെയർ അസോസിയേഷൻ അംഗങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്യുന്നു

ആലുവ: ലോക്ക് ഡൗൺ കാലത്ത് ആലുവ റെയിൽവെ സ്റ്റേഷൻ ടാക്‌സി ഡ്രൈവേഴ്‌സ് വെൽഫെയർ അസോസിയേഷൻ അംഗങ്ങൾക്ക് തുണയാകുന്നു.

പത്തുകിലോ അരിവീതം എല്ലാവർക്കും നൽകി. പിന്നാലെ 2000 രൂപ ധനസഹായം വീട്ടിലെത്തിച്ചു. ലോക്ക് ഡൗൺ വീണ്ടും നീട്ടിയതിനെ തുടർന്ന് ഇന്നലെ ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തു. സംഘടനയുടെ ഉത്തരവാദിത്തം നിറവേറ്റുകയാണ് നടപടികളിലൂടെയെന്ന് അസോസിയേഷൻ പ്രസിഡന്റ് അംബുജാക്ഷൻ, സെക്രട്ടറി എം.കെ. ഗോകുലൻ, ട്രഷറർ ബെന്നി വർഗീസ് എന്നിവർ അറിയിച്ചു. സംഘടന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10,000 രൂപയും നൽകും.

ഭക്ഷ്യധാന്യ കിറ്റ് വിതരണം ആലുവ മീഡിയ ക്ലബ് സെക്രട്ടറി കെ.സി. സ്മിജൻ നിർവഹിച്ചു. അംബുജാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. കീഴ്മാട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഭിലാഷ് അശോകൻ, ഗോകുലൻ, ബെന്നി വർഗീസ്, കെ.ആർ. ഷൈൻ, എം.എസ്. സുനിൽ, എം.കെ. ബിനീഷ് എന്നിവർ സംസാരിച്ചു.