തൃക്കാക്കര : കഴിഞ്ഞദിവസം ദേശീയപാതയിൽ മുട്ടത്ത് കാറിടിച്ച് മരണമടഞ്ഞ ഇടപ്പള്ളി ഉണിച്ചിറ തോപ്പിൽ മറ്റത്തിപ്പറമ്പിൽ മജേഷിനും മകൾ അർച്ചനയ്ക്കും കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി. പ്രസവത്തിനായി പാതാളം ഇ.എസ്.ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മജേഷിന്റെ ഭാര്യ രേവതിയെ മൃതദേഹങ്ങളെത്തിക്കുന്നതിന് മുമ്പേ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. രണ്ടര മണിയോടെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ എത്തിച്ചത്. രേവതിയും മജേഷിന്റെ അമ്മ ഇന്ദിരയും മറ്റ് കുടുംബാംഗങ്ങളും നാട്ടുകാരും ദു:ഖമടക്കാനാകാതെ പൊട്ടിക്കരഞ്ഞു.
നൂറ് കണക്കിന് ആളുകളായിരുന്നു ഇവിടേക്ക് എത്തിയത്. ആരോഗ്യപ്രവർത്തകരും പൊലീസും നാട്ടുകാരും ചേർന്ന് കയറ് കെട്ടി വഴിതടഞ്ഞശേഷം ഓരോരുത്തരെയായി അന്ത്യാഞ്ജലി അർപ്പിക്കാൻ അകത്തേക്ക് കടത്തിവിടുകയായിരുന്നു. പി.ടി. തോമസ് എം.എൽ.എ , തൃക്കാക്കര മുൻസിപ്പൽ ചെയർപേഴ്സൻ ഉഷ പ്രവീൺ,വൈസ് ചെയർമാൻ കെ.ടി. എൽദോ, ജിജോ ചങ്ങംതറ,സാബു ഫ്രാൻസിസ് തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു. മൃതദേഹങ്ങൾ സംസ്കാരത്തിനായി മൂന്നര മണിയോടെ അത്താണി ശ്മശാനത്തിലേക്ക് കൊണ്ടുപോയി.