കിഴക്കമ്പലം: കിഴക്കമ്പലത്തിനടുത്ത് പാടത്തിക്കര പിണർമുണ്ടയിൽ ഫ്‌ളാറ്റിൽ തീപിടിത്തം. അസം സ്വദേശി മുജീബ് റഹ്മാൻ (20) പൊള്ളലേറ്റു മരിച്ചു. പൊള്ളലേറ്റ റഷീദുൽ ഇസ്ലാമിനെ (19) എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് 6 നാണ് തീപിടിത്തം ശ്രദ്ധയിൽ പെട്ടത്. പൂച്ചക്കൽ വിനോദ് തരകന്റെ 'ക്ലേസിസ് ഹൈറ്റ്സ്' എന്ന 15 നില ഫ്ളാറ്റിന്റെ ആറാമത്തെ നിലയിലാണ് സംഭവം. മുറിയിൽ കൂട്ടിയിട്ട പി.വി.സി പൈപ്പുകൾ, തിന്നർ, പെയിന്റ്, കടലാസുകൾ, തെർമോകോൾ സീലിംഗുകൾ തുടങ്ങിയവയ്ക്കാണ് തീപിടിച്ചത്.
പട്ടിമറ്റം, തൃക്കാക്കര സ്റ്റേഷനുകളിൽ നിന്നായി ഫയർഫോഴ്‌സ് യൂണിറ്റുകൾ ഒരു മണിക്കൂറിലധികം പരിശ്രമിച്ചാണ് തീയണച്ചത്. ഫയർഫോഴ്സിനെ സഹായിക്കാൻ മുജീബും, റഷീദുല്ലുമുണ്ടായിരുന്നു. ഇതിനിടെ പരിക്കേറ്റ റഷീദുൽ തൊട്ടടുത്തുള്ള വാടക വീട്ടിലേയ്ക്ക് പോയി. 7.30 ഓടെ ഫ്ളാറ്റിൽ നിന്ന് മടങ്ങിയ തൊഴിലാളികൾ മുറിയിൽ തിരിച്ചെത്തിയപ്പോൾ ഒരാളുടെ കുറവ് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് തിരിച്ചെത്തി പരിശോധിച്ചപ്പോൾ കത്തി കരിഞ്ഞ നിലയിൽ മുജീബിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.