കൊച്ചി : കൊവിഡ് ഭീതിയെ തുടർന്ന് ജന്മനാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളെ ക്വാറന്റൈൻ ചെയ്യും. കൊച്ചിയിൽ ഇതിനായി നാലായിരത്തിലധികം വീടുകളും ഹോസ്റ്റലുകളും ഹോട്ടലുകളും സജ്ജമാക്കി. വിമാനത്താവളത്തിൽ എത്തി പരിശോധന പൂർത്തിയാക്കിയ ശേഷം പ്രവാസികളെ പ്രത്യേക വാഹനത്തിലായിരിക്കും ക്വാറന്റൈൻ കേന്ദ്രത്തിൽ എത്തിക്കുക. രണ്ട് വിമാനങ്ങളിലായി 400 പ്രാവസികളാണ് നാളെ കൊച്ചിയിൽ എത്തുന്നത്. ഇവരെ പരിശോധിക്കാൻ വിമാനത്താവളത്തിലും കൊച്ചി പോർട്ടിലും പ്രത്യേക ആരോഗ്യസംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ആദ്യഘട്ടത്തിൽ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 2150 പ്രവാസികളാണ് എത്തുന്നത്. ആദ്യ ദിവസം അബുദാബി, ദോഹ എന്നിവിടങ്ങളിൽ നിന്ന് 200 പേർ വീതം മടങ്ങിയെത്തും. എട്ടിന് ബഹറിനിൽ നിന്ന് 200 പേരും ഒമ്പതിന് കുവൈറ്റ്, മസ്‌ക്കറ്റ് എന്നിവിടങ്ങളിൽ നിന്ന് 200, 250 പേർ വീതവും പത്തിന് ക്വലാലംപൂരിൽ നിന്ന് 250 പേരും 11ന് ദുബായി, ദമാം എന്നിവിടങ്ങളിൽ നിന്ന് 200 പേർ വീതവും എത്തും. 12ന് കോലാലംപൂരിൽ നിന്ന് 250 പേരും 13ന് ജിദ്ദയിൽ നിന്ന് 200 പേരുമാണ് ജില്ലയിൽ എത്തുക. നേരത്തെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകന് രോഗം ബാധിച്ചത് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡ്യൂട്ടിചെയ്യവേയാണ്. ഇക്കാര്യം പരിഗണിച്ച് ആരോഗ്യ പ്രവർത്തകർക്കും ജീവനക്കാർക്കും രോഗബാധ ഒഴിവാക്കാനുള്ള നടപടികൾ ആരോഗ്യ വകുപ്പ് മുൻകൂട്ടി സ്വീകരിച്ചിട്ടുണ്ട്.
വിദേശത്തു നിന്നെത്തുന്നവരുമായുള്ള ആദ്യഘട്ട സമ്പർക്കം പരമാവധി കുറയ്ക്കാനാവശ്യമായ നടപടികളും സ്വീകരിച്ചിട്ടുണ്ട്. സാങ്കേതികവിദ്യയുടെ സഹായത്തോടു കൂടി ഇതു പ്രാവർത്തികമാക്കാനാണ് ലക്ഷ്യമിടുന്നത്. പരിശോധനയ്ക്കായി ചുമതലപ്പെടുത്തുന്നവരുടെ എണ്ണവും കുറക്കാൻ ഇതു സഹായകമാവുമെന്നാണ് പ്രതീക്ഷ. നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തുന്നവരെ പരിശോധിക്കാനായി തെർമൽ സ്‌കാനറുകൾ സജ്ജമാക്കിയിട്ടുണ്ട്. ഇതിൽ ശരീര ഊഷ്മാവ് ഉയർന്ന നിലയിലുള്ളവരെ ഉടൻ തന്നെ ആശുപത്രിയിലേക്കു മാറ്റും. മറ്റുള്ളവരെ തുടർ പരിശോധനയ്ക്ക് അയക്കും.നാളെ അബുദാബിയിൽ നിന്നും ദോഹയിൽ നിന്നും ഏയർ ഇന്ത്യ വിമാനത്തിലാണ് പ്രവാസികളെ എത്തിക്കുന്നത്. വിമാനം ഇറങ്ങി ടെർമിനലിൽ എത്തുന്ന പ്രവാസികളെ സാമൂഹിക അകലം പാലിച്ച് മാറ്റിയിരുത്തും. ഇതിനായി വിമാനത്താവളത്തിൽ ഇരിപ്പിടം തയ്യാറാക്കിയിട്ടുണ്ട്. തുടർന്നായിരിക്കും പരിശോധന.
അതേസമയം, കൊച്ചി തുറമുഖത്ത് തെർമൽ സ്കാനറക്കടം സ്ഥാപിച്ചു കഴിഞ്ഞു. നേരത്തെ തുറമുഖത്ത് ഇത്തരം സൗകര്യം കുറവായിരുന്നു. മാലിയിൽ നിന്നടക്കം കൊച്ചിയിലേക്ക് നേവിയുടെ കപ്പലിൽ പ്രവാസികളുമായി എത്തിക്കുന്ന സാഹചര്യത്തിലാണ് തുറമുഖത്തെ പരിശോധനാ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തിയത്.
നാട്ടിലേക്ക് മടങ്ങി എത്തുന്നവരെ ക്വാറന്റൈൻ ചെയ്യാൻ 8000ലധികം താമസ സൗകര്യങ്ങളാണ് ജില്ലാ ഭരണകൂടത്തിന്റെ ആദ്യ പട്ടികയിൽ ഉണ്ടായിരുന്നത്. എന്നാൽ,വെള്ളവും വൈദ്യുതിയും അറ്റാച്ച്ഡ് ബാത്ത്‌റൂം സംവിധാനവുമുള്ള വീടുകൾ മാത്രമേ അവസാന പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളു. മുമ്പ് ഗ്രാമപഞ്ചായത്തുകളിൽ മാത്രം നാലായിരത്തിലധികം വീടുകൾ കണ്ടെത്തിയിരുന്നുവെങ്കിലും അസൗകര്യങ്ങൾ മൂലം നിരവധി വീടുകൾ പട്ടികയിൽ നിന്ന് ഒഴിവാക്കി. ഗ്രാമപഞ്ചായത്ത് പരിധിയിൽ രണ്ടായിരത്തി ഇരുന്നൂറ് വീടുകളും മുൻസിപ്പാലിറ്റി പരിധിയിൽ രണ്ടായിരം വീടുകളുമാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിന് പുറമെ ഹോട്ടലുകളിലും ഹോസ്റ്റലുകളിലും വിദേശത്തു നിന്നെത്തുന്നവർക്ക് താമസ സൗകര്യമൊരുക്കാനാണ് ജില്ലാ ഭരണകൂടം ശ്രമിക്കുന്നത്. വിമാനത്താവളത്തിൽ നിന്ന് താമസ സ്ഥലങ്ങളിലേക്ക് ആളുകളെ എത്തിക്കുന്നതിനായി ഡബിൾ ചേംബർ ടാക്‌സി കാറുകളും തയ്യാറാക്കിയിട്ടുണ്ട്.ട്രെയിൻ സർവീസ് ആരംഭിക്കുന്നതോടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരെ സ്വീകരിക്കുന്നതിനുള്ള നടപടിക്രമങ്ങളും പൂർത്തിയായി വരികയാണ്.