കൊച്ചി : തമിഴ്‌നാട്ടിൽ നിന്നും മുട്ടയുമായി എത്തിയ ലോറി ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ എറണാകുളം കൂത്താട്ടുകുളത്തെ മുട്ട വ്യാപര കേന്ദ്രം അടക്കുകയും നേരിട്ട് ഇടപഴിയവരോട് നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിച്ചെങ്കിലും ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ്. കൊവിഡ് ബാധിതന് കൂടുതൽ പേരുമായി സമ്പർക്കം ഉണ്ടായിട്ടില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. ഇന്നലെയാണ് ലോറി ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ കൂത്താട്ടുകുളത്ത് എത്തുകയും മുട്ടവ്യാപാര കേന്ദ്രം പൂട്ടി സ്ഥലം അണുവിമുക്തമാക്കുകയും ചെയ്തു.
മെയ് മൂന്നിന് രാവിലെ ആറ് മണിക്കാണ് തമിഴ്‌നാട്ടിലെ നാമക്കലിൽ നിന്നും കൂത്താട്ടുകുളം മാർക്കറ്റിലെ മുട്ട വ്യാപാര കേന്ദ്രത്തിൽ ഇയാൾ ലോഡുമായി എത്തിയത്.തുടർന്ന് കോട്ടയം ജില്ലയിലും ലോഡ് ഇറക്കിയ ശേഷം മെയ് നാലിന് തിരികെ പോയി. തമിഴ്‌നാട്ടിലെ വെണ്ണണ്ടൂർ ചെക്ക് പോസ്റ്റിൽ വെച്ച് എടുത്ത സാമ്പിൾ ഫലം പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതോടെ രോഗിയുമായി നേരിട്ട് സമ്പർക്കം പുലർത്തിയ രണ്ട് പേരോടും വീടുകളിൽ നിരീക്ഷണത്തിൽ കഴിയുവാൻ നിർദേശിച്ചു. ഡ്രൈവർ നാമക്കൽ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.