nizamuddin-

നോയിഡ: ഡൽഹി നിസാമുദ്ദീൻ മർക്കസിൽ നടന്ന സമ്മേളനത്തിൽ പങ്കെടുത്ത വിവരം രഹസ്യമാക്കിവച്ച തബ്‌‌ ലീഗ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ച് പ്രവർത്തകരെയാണ് നോയിഡ പൊലീസ് പിടികൂടിയത്. ഇക്കാര്യം ഡെപ്യൂട്ടി കമ്മിഷണർ ഹരീഷ് ചന്ദ സ്ഥിരീകരിച്ചു. തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. എന്നാൽ. സമ്മേളനത്തിൽ പങ്കെടുത്ത വിവരം ഇവർ മറച്ചുവച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അഞ്ചു പേരെ കണ്ടെത്തിയത്. തുടർന്ന് ഇവരെ ക്വാറന്റൈനിലാക്കി.

നിരീക്ഷണ കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഡൽഹി നിസാമുദ്ദീനിൽ നടന്ന തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ രോഗം സ്ഥിരീകരിച്ചവരെ ആശുപത്രിയിലേക്കും മറ്റുള്ളവരെ നിരീക്ഷണ കേന്ദ്രത്തിലേക്കും മാറ്റിയത്. നിസാമുദ്ദീനിൽ നടന്ന മതസമ്മേളനത്തിൽ പങ്കെടുത്തവരിൽ കൊവിഡ് 19 സ്ഥിരീകരിച്ചവർ ഇന്ത്യയിലെ 17 സംസ്ഥാനങ്ങളിലുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കണ്ടെത്തിയിരുന്നു.

രാജ്യത്ത് ആകെ 1023 കൊവിഡ് 19 പോസിറ്റീവ് കേസുകളാണ് തബ് ലീഗ് ജമാഅത്ത് സമ്മേളനവുമായി ബന്ധപ്പെട്ട് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ മാസം 18നായിരുന്നു തബ്‌ ലീഗ് ജമാഅത്ത് ഏഷ്യ സമ്മേളനം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾക്ക് പുറമെ സൗദി അറേബ്യ, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങി വിദേശ രാജ്യങ്ങളിൽ നിന്നടക്കം ഇവിടെ ആളുകളെത്തിയിരുന്നു.