suicide

ഡൽഹി: തനിക്കെതിരെ ഉയർന്ന പീഡനാരോപണത്തിൽ മനംനൊന്ത് ഡൽഹിയിൽ പതിനാലുകാരൻ ജീവനൊടുക്കി. മീ ടൂ ഹാഷ് ടാഗിലൂടെയാണ് ഒരു പെൺകുട്ടി പതിനാലുകാരനെതിരെ ആരോപണം ഉന്നയിച്ചത്. രണ്ട് വർഷം മുമ്പ് തന്റെ അപ്പാർട്ട്മെന്റ് കോംപ്ലക്‌സിന്റെ ബേസ്‌മെന്റിൽ വച്ച് ആക്രമിക്കപ്പെട്ടു എന്നാണ് പതിനാലുകാരന്റെ പേരെടുത്ത് പറഞ്ഞു കൊണ്ട് പെൺകുട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ഇതൊരു രഹസ്യമായി സൂക്ഷിച്ച് മടുത്തുവെന്നും പെൺകുട്ടി പോസ്റ്റിൽ പറയുന്നു.ഇതിന് പിന്നാലെയാണ് താമസിക്കുന്ന കെട്ടിടത്തിന്റെ പതിനൊന്നാം നിലയിൽ നിന്നു ചാടി പതിനാലുകാരൻ ജീവനൊടുക്കിയത്. നിലവിൽ ഏറെ വിവാദം ഉയർത്തിയിരിക്കുന്ന 'ബോയ്‌സ് ലോക്കർ റൂം' ചാറ്റ് ഗ്രൂപ്പുമായി ബന്ധപ്പെട്ടാണ് ഈ സംഭവവും പുറത്തു വന്നിരിക്കുന്നത്.

ഡൽഹിയിലെ ഉന്നത സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികൾ ഉൾപ്പെട്ട ബോയ്‌സ് ലോക്കർ റൂം എന്ന ഇൻസ്റ്റാഗ്രാം ചാറ്റ് ഗ്രൂപ്പ് ഏറെ വിമർശനങ്ങൾക്കാണ് വഴിവച്ചത്. ലൈംഗിക അതിക്രമങ്ങൾ ചർച്ച ചെയ്യുന്ന ഈ ഗ്രൂപ്പിൽ സഹപാഠികളായ പെൺകുട്ടികളുടെ ചിത്രങ്ങളും പങ്കുവയ്ക്കുമായിരുന്നു. അശ്ലീല സംഭാഷണങ്ങളും ബലാത്സംഗ ചർച്ചകളുമൊക്കെയായി സജീവമായിരുന്ന ഈ ഗ്രൂപ്പിനെക്കുറിച്ച് ചില പെൺകുട്ടികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബർ സെൽ അന്വേഷണം ആരംഭിച്ചത്. ഈ ഗ്രൂപ്പുമായി ബന്ധപ്പെട്ട് പതിനഞ്ചുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇരുപതോളം കുട്ടികൾ നിരീക്ഷണത്തിലുമാണ്. ഈ ഗ്രൂപ്പിലെ വിവരങ്ങൾ പുറത്തു വന്നതോടെയാണ് ഒരു കൂട്ടം പെൺകുട്ടികൾ മീ ടൂ ഹാഷ്‌‌ ടാഗ് വീണ്ടും സജീവമാക്കിയത്. പലതരത്തിൽ നേരിടേണ്ടി വന്ന ലൈംഗിക അതിക്രമങ്ങൾ തുറന്നു പറഞ്ഞ് പെൺകുട്ടികൾ രംഗത്തെത്തി. ഇത്തരത്തിലൊരു വെളിപ്പെടുത്തലാണ് പതിനാലുകാരനായ വിദ്യാർത്ഥിക്കെതിരെയും ഉയർന്നത്. ആരോപണം ഉയർന്നതിനാൽ പൊലീസ് ചോദ്യം ചെയ്യൽ നേരിടേണ്ടി വരുമെന്ന് സഹപാഠികൾ വിദ്യാർത്ഥിയെ അറിയിച്ചിരുന്നു. ഇതേ തുടർന്നാകാം ജീവനൊടുക്കിയതെന്നാണ് സൂചന. ആത്മഹത്യാക്കുറിപ്പൊന്നും കണ്ടു കിട്ടിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.