high-court

കൊച്ചി : ലോക്ക് ഡൗണിനെത്തുടർന്ന് കേരളത്തിൽ കുടുങ്ങിയ അന്യസംസ്ഥാന തൊഴിലാളികളുടെ മാനസികസംഘർഷം ഇല്ലാതാക്കാൻ നടപടിയെടുത്തെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. പായിപ്പാട്ടും പെരുമ്പാവൂരിലും അന്യസംസ്ഥാന തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയതു ചൂണ്ടിക്കാട്ടി അമിക്കസ് ക്യൂറി നൽകിയ റിപ്പോർട്ടിനെത്തുടർന്ന് ഹൈക്കോടതി സ്വമേധയാ പരിഗണിച്ച ഹർജിയിലാണ് സർക്കാർ ഇതറിയിച്ചത്.

അന്യസംസ്ഥാന തൊഴിലാളികളുടെ മാനസികസംഘർഷം കുറക്കുന്നതിനുള്ള നടപടികൾക്കുവേണ്ടി ലേബർ, റവന്യു ഉദ്യോഗസ്ഥരും മാനസികാരോഗ്യവിദഗ്ദ്ധരും ഉൾപ്പെട്ട സമിതികൾക്ക് ജില്ലാ - താലൂക്ക് തലങ്ങളിൽ രൂപം നൽകിയിട്ടുണ്ട്. തൊഴിലാളികൾക്ക് ആവശ്യമെങ്കിൽ ഇൗ സമിതിയുടെ നേതൃത്വത്തിൽ കൗൺസലിംഗും ചികിത്സയും നൽകുമെന്ന് സർക്കാർ അറിയിച്ചു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്ന് ക്യാമ്പുകളിൽ കഴിയേണ്ടിവരുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ മാനസികസംഘർഷം ഇല്ലാതാക്കാൻ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാൻ ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു.

ആരോഗ്യവകുപ്പിലെയും റവന്യു വകുപ്പിലെയും ഉദ്യോഗസ്ഥർ താലൂക്ക് ലീഗൽ സർവീസ് അതോറിറ്റിയുടെ സഹകരണത്തോടെ അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ നടത്തുന്ന വിവരശേഖരണം കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ നിറുത്തിവെക്കണമെന്ന് അമിക്കസ് ക്യൂറി ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിവരശേഖരണം പൂർത്തിയായെന്ന് സർക്കാർ മറുപടി നൽകി. അന്യസംസ്ഥാന തൊഴിലാളികളെ നാട്ടിലേക്ക് തിരിച്ചയക്കുന്നതിലും ഭക്ഷണവും താമസവും നൽകുന്നതിലും സർക്കാർ സ്തുത്യർഹമായ സേവനമാണ് നടത്തിയതെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി വ്യക്തമാക്കി. തുടർന്ന് ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി.