കൊച്ചി: പാസ്‌പോർട്ട് സംബന്ധമായ അന്വേഷണങ്ങൾക്ക് 2020 മേയ് 11മുതൽ മുൻകൂറായി ഓൺലൈൻ അപ്പോയ്‌മെന്റ് നിർബന്ധമാക്കിയതായി കൊച്ചിയിലെ റീജണൽ പാസ്‌പോർട്ട് ഓഫീസ് അറിയിച്ചു. കൊവിഡ് 19 പശ്ചാത്തലത്തിൽ ഓഫീസുകളിലെ തിരക്കൊഴിവാക്കാനും സാമൂഹികഅകലം പാലിക്കാൻ കേന്ദ്രആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ മാർഗനിർദേശപ്രകാരമാണിത്.

അന്വേഷണങ്ങൾക്ക് പനമ്പള്ളിനഗറിലെ കൊച്ചി റീജണൽ പാസ്‌പോർട്ട് ഓഫീസ് സന്ദർശിക്കാൻ www.pasportindia.gov.in എന്ന വെബ്‌സൈറ്റിലൂടെ അപ്പോയ്‌മെന്റ് എടുക്കണം. തിരഞ്ഞെടുത്ത സമയത്ത് ഓഫീസ് സന്ദർശിക്കുമ്പോൾ അപ്പോയ്‌മെന്റ് ഷീറ്റിന്റെ പ്രിന്റൗട്ടും കൊണ്ടുവരണം. മുൻകൂറായി ഓൺലൈൻ അപ്പോയ്‌മെന്റ് എടുക്കാത്തവരുടെ അന്വേഷണങ്ങൾ സ്വീകരിക്കില്ല. അപ്പോയ്‌മെന്റ് എടുക്കുന്നതിന് ഫീസ് ആവശ്യമില്ല.