flight

കൊച്ചി: പ്രവാസികളുമായി കൊച്ചിയിലേക്ക് നാളെ ഒരു വിമാനം മാത്രം. ദോഹയിൽ നിന്നുള്ള സർവീസ് റദ്ദാക്കി. സർവീസ് ശനിയാഴ്ചയിലേക്ക് മാറ്റിയതായാണ് വിവരം. എന്നാൽ, കാരണം എന്താണെന്ന് വ്യക്തമല്ല. അതേസമയം, അബുദാബി -കൊച്ചി സർവീസ് മാറ്റം ഉണ്ടാകില്ല. പ്രവാസികളുമായുള്ള ആദ്യ വിമാനം നാളെ രാത്രി 9.15ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പറന്നിറങ്ങും. അബുദാബിയിൽ നിന്നുള്ള 200 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടാവുക.

പ്രവാസികളെ സ്വീകരിക്കാൻ കൊച്ചി അന്താരാഷ്ട്ര വിമാനവും ആരോഗ്യ വകുപ്പും സജ്ജമായി കഴിഞ്ഞു. നാളെ ഡ്യൂട്ടിയെടുക്കുന്ന വിമാനത്താവളത്തിൽ ജീവനക്കാർക്ക് പി.പി.ഇ കിറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. ആരോഗ്യപ്രവർത്തകരും പരിശോധനയടക്കം നടത്തുക പി.പി.ഇ കിറ്റ് ധരിച്ചായിരിക്കും. അതേസമയം, വിമാത്താവളത്തിൽ എത്തുന്ന പ്രവാസികളെ സാമൂഹിക അകലം പാലിച്ചായിരിക്കും മാറ്റി ഇരുത്തുക. ഇതിനായി വിമാനത്താവളത്തിൽ പ്രത്യേകം ഇരിപ്പിടം തയ്യാറാക്കിയിട്ടുണ്ട്. പരിശോധനകൾ പൂർത്തിയാക്കുന്ന മുറയ്ക്ക് വിമാനത്താവളത്തിൽ വച്ച് തയ്യാറാക്കുന്ന പട്ടിക പ്രകാരം ക്വാറന്റൈൻ കേന്ദ്രങ്ങളിൽ എത്തിക്കുകയാണ് ചെയ്യുന്നത്. 14 ദിവസം ക്വാറന്റൈനിൽ കഴിയണമെന്നതാണ് ഒടുവിൽ കൈക്കൊണ്ടിട്ടുള്ള തീരുമാനം. രോഗലക്ഷണങ്ങൾ കണ്ടാൽ ആശുപത്രിയിലേക്ക് മാറ്റും. പ്രവാസികളെ മടക്കി കൊണ്ടുവരുന്ന വിമാനം പിന്നീട് അണുവിമുക്തമാക്കുമെന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം അധികൃതർ പറഞ്ഞു.

കൊച്ചി തുറമുഖത്തും നടപടികൾ പൂർത്തിയായിട്ടുണ്ട്. നേരത്തെ, സ്‌ക്രീനിംഗ് പരിശോധന തുറമുഖത്ത് ഉണ്ടായിരുന്നില്ല. എന്നാൽ, മാലിയിൽ നിന്നടക്കം പ്രാസികൾ കൊച്ചിയിൽ എത്തുന്നത് പരിഗണിച്ച് വിമാനത്താവളത്തിന് സമാനമായ സുരക്ഷയും പരിശോധന തുറമുഖത്തും ഒരുക്കുകയായിരുന്നു. ഇവിടെയും ജീവനക്കാരും ആരോഗ്യ പ്രവർത്തകരും പി.പി.ഇ കിറ്റ് ധരിക്കും. പ്രവാസികളെ ക്വാറന്റൈനിൽ പാർപ്പിക്കാൻ 4000ലധികം താമസ സ്ഥലങ്ങളാണ് ജില്ലാ ഭരണകൂടം സജ്ജീകരിച്ചിട്ടുള്ളത്. ധ്യാന കേന്ദ്രങ്ങൾ, ഓഡിറ്റോറിയങ്ങൾ, ഹോട്ടലുകൾ തുടങ്ങിയവയെല്ലാം ആരോഗ്യ വകുപ്പിന്റെ പരിഗണനയിലുണ്ട്.