ആലുവ: കൊവിഡ് കാലത്തെ കെ.എസ്.ഇ.ബിയുടെ പകൽകൊള്ളക്കെതിരെ യൂത്ത് കോൺഗ്രസ് കടുങ്ങല്ലൂരിൽ ചേരിതിരിഞ്ഞ് പ്രതിഷേധിച്ചു. കടുങ്ങല്ലൂർ മണ്ഡലംകമ്മിറ്റി എടയാർ കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ ധർണയാണ് സംഘടിപ്പിച്ചതെങ്കിൽ മണ്ഡലം പരിധിയിൽപ്പെട്ട രണ്ട് സംസ്ഥാന സെക്രട്ടറിമാരുടെ നേതൃത്വത്തിൽ ഇതേ ഓഫീസിന് മുമ്പിൽ പ്രതിഷേധജ്വാല തെളിച്ചു. പത്ത് മിനിറ്റ് വ്യത്യാസത്തിലാണ് രണ്ട് സമരങ്ങളും അരങ്ങേറിയത്.
രാവിലെ 11 മുതൽ 15 മിനിറ്റ് നേരത്തേക്ക് പ്രതിഷേധം നടത്തുന്നതിനാണ് മണ്ഡലം കമ്മിറ്റിക്ക് പൊലീസ് അനുമതി നൽകിയിരുന്നത്. ഇതനുസരിച്ച് മണ്ഡലം പ്രസിഡന്റ് കെ.എ. ഹൈദ്രോസ്, വൈസ് പ്രസിഡന്റ് ആർ. ശ്രീരാജ്, സെക്രട്ടറിമാരായ ഫാസിൽ മൂത്തേടൻ, ആകാശ് ആലുങ്കൽ, സിജോ സന്ധ്യാവ് എന്നിവർ സമരത്തിൽ പങ്കെടുത്തു. ഇവർ സമരം അവസാനിപ്പിച്ച് മടങ്ങാനൊരുങ്ങുമ്പോഴാണ് സംസ്ഥാന സെക്രട്ടറിമാരായ ജിൻഷാദ് ജിന്നാസ്, നൗഫൽ കയന്റികര, സഞ്ജു വർഗീസ്, സുനീർ മേഘാലയ എന്നിവരെത്തിയത്. ലോക്ക് ഡൗൺ സമയത്തെങ്കിലും ജനങ്ങളോടു കെ.എസ്.ഇ.ബിയും സർക്കാരും മനുഷത്വപരമായ സമീപനം സ്വീകരിക്കണമെന്നു സമരക്കാർ ആവശ്യപെട്ടു.
മണ്ഡലം കമ്മിറ്റിയുടെ സമരത്തെക്കുറിച്ച് സംസ്ഥാന സെക്രട്ടറിമാരെ നേരത്തെ അറിയിച്ചിരുന്നതാണെന്നും വൈകിയെത്തി മറ്റൊരു സമരം നടത്തിയതിനെ സംബന്ധിച്ച് അറിയില്ലെന്നും മണ്ഡലം പ്രസിഡന്റ് കെ.എ. ഹൈദ്രോസ് പറഞ്ഞു.