covid19

കൊച്ചി: പ്രവാസികൾ നാളെ എത്തുകയാണ്. എല്ലാം സജ്ജീകരിച്ച് ആരോഗ്യവകുപ്പും ചുക്കാൻപിടിച്ച് ജില്ലാ ഭരണകൂടവും കൊച്ചിയിൽ തയ്യാറെടുത്തിരിക്കുന്നു. എങ്കിലും ആദ്യ പ്രവാസി സംഘത്തെ എവിടെ ക്വാറന്റൈൻ ചെയ്യുമെന്ന കാര്യത്തിൽ ചർച്ചകൾ പുരോഗമിക്കുകയായിരുന്നു ഇതുവരെ. ഒടുവിൽ ക്വാറന്റൈൻ കേന്ദ്രത്തിൽ തീരുമാനമായി. കളമശേരി രാജഗിരി കോളേജ് ഹോസ്റ്റലിലാണ് പ്രവാസികളെ പാർപ്പിക്കുക. 75 റൂമുകളാണ് ഇത്തരത്തിൽ രാജഗിരി ഹോസ്റ്റലിൽ സജ്ജമാക്കിയിട്ടുള്ളത്. രോഗലക്ഷണമില്ലാത്ത ജില്ലയിലുള്ള ആളുകളെ മാത്രമായിരിക്കും ഹോസ്റ്റലുകളിൽ താമസിപ്പിക്കുക. രോഗ ലക്ഷണമുള്ളവരെ ആലുവ ജില്ലാ ആശുപത്രിയിലേക്കും മറ്റ് ജില്ലകളിൽ നിന്നുള്ളവരെ അതാത് ജില്ലകളിൽ സജ്ജമാക്കിയിരിക്കുന്ന നിരീക്ഷണ കേന്ദ്രത്തിലേക്കും മാറ്റും. ഇതിനായി എല്ലാ ജില്ലകളിലേക്കുമുള്ള കെ.എസ്.ആർ.ടി.സി ബസുകളും നെടുമ്പാശ്ശേരിയിൽ സജ്ജമാക്കും.

അറ്റാച്ച്ഡ് ബാത്ത്‌റും സംവിധാനവും വെള്ളവും വൈദ്യുതിയുമുള്ള സ്ഥലങ്ങളാണ് പ്രവാസികളെ നിരീക്ഷണത്തിൽ താമസിപ്പിക്കാനായി കണ്ടെത്തിയിട്ടുള്ളത്. ആളുകളെ താമസിപ്പിക്കാൻ ഹോട്ടൽ റൂമുകൾ ഉപയോഗിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്. നാളെയെത്തുന്ന ആദ്യ വിമാനത്തിൽ എറണാകുളം ജില്ലയിൽ നിന്നുള്ള ഇരുപതിലധികം യാത്രക്കാർ ഉണ്ടെന്നാണ് പ്രാഥമിക വിവരം. ഗർഭിണികൾ, പ്രായമായവർ, ചികിത്സ ആവശ്യമുള്ളവർ തുടങ്ങിയവർക്കാണ് മുൻഗണന നൽകുന്നത്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ വിവിധ വകുപ്പുകളിലെ ഡോക്ടർമാരുടെ സേവനവും ഉറപ്പാക്കും. അതേസമയം, മാലിയിൽ നിന്നുള്ള പ്രവാസികളുമായി നേവിയുടെ കപ്പൽ ഒമ്പതിന് യാത്ര തിരിക്കും. 1000 പേർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവരെയും സമാന സൗകര്യങ്ങളോടെ ക്വാറന്റൈൻ ചെയ്യും.