കൊച്ചി: വിദേശരാജ്യങ്ങളിൽ നിന്നെത്തുന്ന പ്രവാസികളെ സ്വീകരിക്കാൻ എറണാകുളം റെഡി. നെടുമ്പാശേരിയിലെ വിമാനത്താവളം, കൊച്ചി തുറമുഖം എന്നിവിടങ്ങളിൽ പരിശോധനാ സംവിധാനങ്ങളും വിവിധ സ്ഥലങ്ങളിൽ നിരീക്ഷണത്തിൽ താമസിപ്പിക്കാൻ സൗകര്യങ്ങളും ഒരുങ്ങി. പത്തുദിവസങ്ങളിലായി 2,150 പേർ വിമാനങ്ങളിലും ആയിരത്തോളം പേർ കപ്പലിലും എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കൊച്ചിയിലേക്കുള്ള ആദ്യവിമാനം അബുദാബിയിൽ നിന്ന് ഇന്നുരാത്രി 9.40 ന് എത്തുമെന്നാണ് അറിയിപ്പ്. 170 യാത്രക്കാരുണ്ടാകും. വിമാനത്താവളത്തിൽ പഴുതടച്ച സുരക്ഷാനടപടികളും മുൻകരുതലുകളും സ്വീകരിച്ചു. ആരോഗ്യപ്രവർത്തർ ഉൾപ്പെടെ ഉദ്യോഗസ്ഥരെയും വിന്യസിച്ചു.
# വിമാനമിറങ്ങിയാൽ ഇങ്ങനെ
എയ്റോബ്രിഡ്‌ജ് വഴി വിമാനത്തിൽനിന്ന് പുറത്തേക്ക്
എല്ലാവരുടെയും കൈകൾ അണുവിമുക്തമാക്കും
എമിഗ്രേഷൻ പരിശോധനക്ക് വിധേയമാക്കും
തെർമൽ സ്കാനർ ഉപയോഗിച്ച് ഉൗഷ്മാവ് പരിശോധന
ടെമ്പറേച്ചർ ഗണ്ണുകൾകൊണ്ടും പനി പരിശോധന
രോഗസാദ്ധ്യതയെപ്പറ്റി സാക്ഷ്യപത്രം എഴുതിനൽകണം
കൊവിഡ് ലക്ഷണം കാണുന്നവരെ പ്രത്യേകവഴിയിലൂടെ പുറത്തെത്തിച്ച് ആംബുലൻസിൽ ആശുപത്രിയിലേക്ക് അയക്കും
ആരോഗ്യപ്രശ്നങ്ങളില്ലാത്തവരെ ബാഗേജ് ഹാളിലേക്ക് വിടും
അവിടെ സാമൂഹ്യാകലം പാലിച്ച് വിശ്രമിക്കാൻ സൗകര്യം
ബാഗേജുകൾ അണുവിമുക്തമാക്കിയശേഷം ഹാളിലെത്തിക്കും
ഓരോരുത്തർക്കും നിരീക്ഷണസൗകര്യം എവിടെയെന്ന് തീരുമാനിച്ച് പുറത്തേക്കുവിടും
എറണാകുളം സ്വദേശികൾക്ക് ജില്ലയിൽത്തന്നെ നിരീക്ഷണം
മറ്റു ജില്ലക്കാരെ നാട്ടിലെത്തിക്കാൻ കെ.എസ്.ആർ.ടി.സി ബസും മറ്റു വാഹനങ്ങളും
മുഴുവൻപേരും യാത്രയായശേഷം വിമാനവും വിമാനത്താവളവും അണുവിമുക്തമാക്കും
# തുറമുഖത്ത് ഇങ്ങനെ
മാലി, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്ന് പ്രവാസികളുമായി കപ്പലുകൾ
കപ്പലുകൾ എത്തുന്ന ദിവസം സ്ഥിരീകരിച്ചിട്ടില്ല
പരിശോധനയ്ക്ക് തെർമൽ സ്കാനർ, ടെമ്പറേച്ചർ ഗണ്ണുകൾ
എമിഗ്രഷൻ, കസ്റ്റംസ് ഉൾപ്പെടെ പരിശോധനകൾ
നിരീക്ഷണകേന്ദ്രങ്ങളിൽ എത്തിക്കാൻ വാഹനങ്ങൾ
# ചികിത്സാ സൗകര്യം
എറണാകുളം മെഡിക്കൽ കോളേജ്
ആലുവ ജില്ലാ ആശുപത്രി
# ക്വാറന്റൈൻ സൗകര്യങ്ങൾ
ഇന്നെത്തുന്നവർക്ക് കളമശേരി രാജഗിരി കോളേജ് ഹോസ്റ്റലിൽ 75 മുറികൾ
ജില്ലയിലാകെ കുളിമുറികളോടുകൂടിയ 4,200 മുറികൾ സജ്ജം
ഗ്രാമ പഞ്ചായത്തുകളിൽ 2,200 മുറികൾ
നഗരസഭകളിൽ 2,000 മുറികൾ
രോഗലക്ഷണമില്ലാത്തവർക്ക് ഹോസ്റ്റൽ, ഹോംസ്റ്റേ, ഹോട്ടൽ മുറികൾ
ഭക്ഷണം കുടുംബശ്രീ അടുക്കളകൾ വഴി
എക്സ്‌പ്രസ് ദൗത്യം
കേരളത്തിലേക്ക് പ്രവാസികളെ എത്തിക്കാനുള്ള ചുമതല എയർഇന്ത്യ എക്സ്‌പ്രസിനുമുണ്ട്. കേരളത്തിന്റെ ചുമതലയുള്ള നോഡൽ ഓഫീസറായി വിദേശകാര്യ മന്ത്രാലയത്തിലെ അഡി.സെക്രട്ടറി ദൊരൈസ്വാമിയെ നിയമിച്ചു. ഗൾഫിൽ നിന്ന് പ്രവാസികളെ കൊണ്ടുവരാൻ എട്ട് വിമാനങ്ങൾ സജ്ജമാക്കി. 60 പൈലറ്റുമാർ, 120 കാബിൻക്രൂ, 500 ഗ്രൗണ്ട് ഹാൻഡ്ലിംഗ് ജീവനക്കാർ എന്നിവർ ദൗത്യത്തിലുണ്ട്.
തൊഴിലാളികൾ, വിസ കാലാവധി തീരുന്നവർ, ചെറിയ കാലയളവുള്ള വിസകളുമായി പോയവർ, അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവർ, ബന്ധുക്കൾ മരിച്ചവർ, ഗർഭിണികൾ, പ്രായമായവർ, ഹോസ്റ്റലുകൾ അടച്ച വിദ്യാർത്ഥികൾ എന്നിവർക്കാണ് ആദ്യയാത്രയിൽ പ്രാമുഖ്യം നൽകിയത്.