കൊച്ചി : പുനലൂർ - കോന്നി റോഡ് നവീകരണത്തിനുള്ള കരാറിൽ നിന്ന് ആർ.ഡി.എസ് - ചെറിയാൻ വർക്കി കമ്പനികളുടെ സംയുക്തസംരംഭത്തെ ഒഴിവാക്കി മറ്റൊരു കമ്പനിക്ക് ടെൻഡർ നൽകിയത് ഹൈക്കോടതി റദ്ദാക്കി.ടെൻഡറിൽ ഏറ്റവും കുറഞ്ഞതുക ക്വാട്ട് ചെയ്ത ആർ.ഡി.എസ് - ചെറിയാൻ വർക്കി കമ്പനികളുടെ സംയുക്തസംരംഭത്തിന് കരാർ നൽകാനും സിംഗിൾബെഞ്ചിന്റെ വിധിയിൽ പറയുന്നു.കരാറിൽനിന്ന് ഒഴിവാക്കിയതിനെതിരെ ഇരുകമ്പനികളും പ്രത്യേകം നൽകിയ ഹർജികളിലാണ് സിംഗിൾബെഞ്ചിന്റെ വിധി. പാലാരിവട്ടം ഫ്ളൈ ഓവറിന്റെ നിർമ്മാണച്ചുമതല ആർ.ഡി.എസ് കമ്പനിക്കായിരുന്നെന്നും ഫ്ളൈഓവർ നിർമ്മാണത്തിൽ ഗുരുതരമായ ക്രമക്കേടുണ്ടെന്ന് കണ്ടതിനാലാണ് ആർ.ഡി.എസ് കമ്പനി ഉൾപ്പെട്ട സംയുക്തസംരംഭത്തെ കരാറിൽനിന്ന് ഒഴിവാക്കിയതെന്നും കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രൊജക്ട് (കെ.എസ്.ടി.പി) ചീഫ് എൻജിനീയർ ബോധിപ്പിച്ചു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഒരു വിജിലൻസ് കേസ് മാത്രമാണ് നിലവിലുള്ളതെന്നും കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ആർ.ഡി.എസ് ചൂണ്ടിക്കാട്ടി.ടെൻഡറിൽ ഏറ്റവും കുറഞ്ഞ തുകയായ 4.46കോടി ക്വാട്ട് ചെയ്തിട്ടും ഒഴിവാക്കി.ആരോപണങ്ങളുടെ പേരിൽ കരാറിൽനിന്ന് ഒഴിവാക്കിയത് കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിനു തുല്യമാണെന്നും ഹർജിക്കാർ വാദിച്ചു.തുടർന്നാണ് കെ.എസ്.ടി.പി കരാർ മറ്റൊരു കമ്പനിക്കു നൽകിയത് ഹൈക്കോടതി റദ്ദാക്കിയത്.ആർ.ഡി.എസ് കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നുണ്ടെങ്കിൽ ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കണം. എന്തു കാരണത്താലാണ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതെന്ന് വ്യക്തമാക്കി നോട്ടീസ് നൽകി കമ്പനിയുടെ മറുപടികേട്ടു തീരുമാനമെടുക്കണം.മറുപടിയുടെ അടിസ്ഥാനത്തിൽ ആർ.ഡി.എസ് കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തേണ്ടെന്നാണ് തീരുമാനമെങ്കിൽ പുനലൂർ - കോന്നി റോഡിന്റെ നവീകരണജോലികൾഈ കമ്പനിക്ക് തുടരാം. മറിച്ച് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയാൽ റീടെൻഡർ വേണ്ടിവരുമെന്നും വിധിയിൽ പറയുന്നു.