അങ്കമാലി: കാലവർഷം ആരംഭിക്കുന്നതിന് മുമ്പ് അങ്കമാലി നിയോജകമണ്ഡലത്തിലെ തോടുകളും നീർച്ചാലുകളും, ഓടകളും ശുചീകരിക്കുന്നതിന് കർമ്മ പദ്ധതിയായി. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് റോജി എം. ജോൺ എം.എൽ.എ ബ്ലോക്ക് പഞ്ചായത്തിൽ വിളിച്ചുചേർത്ത ത്രിതല പഞ്ചായത്ത് പ്രതിനിധികളുടെയും വിവിധ വകുപ്പുകളുടെ നിർവഹണ ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം.
മാഞ്ഞാലിത്തോടിന്റെ വാലറ്റ ഭാഗങ്ങളിലെ പായലും ചെളിയും നീക്കംചെയ്യുന്ന പ്രവൃത്തി ഉടൻ നടത്തും. മുല്ലശേരിത്തോടിന്റെ പുനരുദ്ധാരണത്തിന് എം.എൽ.എ അനുവദിച്ച 1,59,00000 രൂപയുടെ പ്രവൃത്തികൾ ഉടൻ ആരംഭിക്കും. ചെറിയ തോടുകളുടെയും ലീഡിംഗ് ചാനലുകളുടെയും ശുചീകരണം മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കും.

യോഗം റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി.പോൾ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.വൈ. വർഗീസ്, ഷാജു വി തെക്കേക്കര, ചെറിയാൻ തോമസ്, നീതു അനു, ജയ രാധാക്യഷ്ണൻ, ബിബി സെബി, ബ്ലോക്ക് പഞ്ചായത്തംഗം ടി.എം. വർഗീസ്, പാറക്കടവ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.എസ്. നാരായണൻ, അസി. എക്‌സി. എൻജിനീയർമാരായ മുഹമ്മദ് ബഷീർ , പി.കെ. മുഹമ്മദ്, കെ.എ. സുനിൽകുമാർ, ആർ. രമ്യ, എം.വി.അശോക്‌കുമാർ, ബി.ഡി.ഒ അജയ് എ.ജെ എന്നിവരും വിവിധ വകുപ്പുകളുടെ ഉദ്യാഗസ്ഥരും സംബന്ധിച്ചു.