പാലക്കാട് : മദ്ധ്യകേരളത്തിൽ അങ്ങോളം ഇങ്ങോളം കോഴിക്കച്ചവടം. കിട്ടുന്ന ലാഭം പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ല, ഇതോടെ കോഴി കച്ചവടത്തിന്റെ സൈഡായി ഹാൻസും കടത്തി വിറ്റു. ഇടപാട് പോക്കറ്റ് വീർപ്പിച്ചപ്പോൾ ഹാൻസ് കടത്ത് ഇരട്ടിയാക്കി. പാലിയേക്കര ടോൾ പ്ലാസയിലെ ബാരിയറടക്കം തകർത്ത് രക്ഷപ്പെട്ട കേസിൽ പിടിയിലായ പ്രതി പൊലീസിന് കൈമാറിയ വിവരമാണിത്. ഇന്ന് ഉച്ചയോടെയാണ് പാലക്കാട് ചിറ്റൂരിൽ നിന്നും വാഹനവും ഡ്രൈവറും വലയിലായത്.
എന്നാൽ, വാഹനത്തിൽ നിന്നും ഒന്നും കണ്ടെത്താനായില്ല. സ്പിരിറ്റ് ഉണ്ടെന്നായിരുന്നു എക്‌സൈസ് സംശയിച്ചിരുന്നത്. എന്നാൽ, പാലക്കാട് എക്‌സൈസ് പറയുന്നത് വാഹനത്തിൽ നിന്നും ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ്. മാത്രമല്ല, ഇവർ 90,000 പാക്കറ്റ് ഹാൻസ് കടത്തിക്കൊണ്ടുവന്നെന്നും ഇത് പല സ്ഥലത്തും വച്ച് ഇടപാടുകാർക്ക് കൈമാറിയെന്നും എക്‌സൈസ് പറയുന്നു. ശേഷിച്ച് ഹാൻസ് കൈമാറുന്നതിനിടെയാണ് എക്‌സൈസ് പിന്നാലെ എത്തിയത്. ഈ സമയം വാഹനത്തിൽ മൂന്ന് ലക്ഷം രൂപ ഉണ്ടായിരുന്നു എന്നും ഇത് നഷ്ടപ്പെടാതിരിക്കാനാണ് ടോൾ പ്ലാസ തകർത്ത് മുന്നോട്ട് പോയെന്നും പ്രതികൾ പൊലീസ് മൊഴി നല്കിയിട്ടുള്ളത്.
ചാലക്കുടിയിൽനിന്ന് എക്‌സൈസ് സംഘം പിന്തുടർന്ന മിനി പിക്കപ്പ് ലോറി തിങ്കളാഴ്ച പുലർച്ചെയായിരുന്നു സിനിമാ സ്‌റ്റൈലിൽ ടോൾ പ്ലാസയിലെ ബാരിയർ ഇടിച്ചുതകർത്ത് ചീറിപ്പാഞ്ഞത്.ചലക്കുടിയിൽ വച്ച് സ്പിരിറ്റ് കൈമാറ്റം നടക്കുന്നതായി അങ്കമാലി എക്‌സൈസ് റെയ്ഞ്ച് ഓഫീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതനുസരിച്ച് എക്‌സൈസ് സംഘം അവിടെ എത്തിയെങ്കിലും എക്‌സൈസിനെ കണ്ടതോടെ വാഹനവുമായി ഡ്രൈവർ രക്ഷപ്പെട്ടു. എക്‌സൈസ് സംഘം വാഹനത്തെ പിന്തുടർന്നെങ്കിലും നിർത്തിയില്ല.പാലിയേക്കരയിലെ ടോൾ പ്ലാസയിലും നിർത്താതെ ബൂം ബാരിയർ ഇടിച്ചുതെറിപ്പിച്ചാണ് പിക്കപ്പ് ലോറി കുതിച്ചത്. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പിന്നീട് പുറത്തുവന്നിരുന്നു. പട്ടിക്കാട് വച്ച് പൊലീസ് സംഘം വാഹനം കൈകാണിച്ചെങ്കിലും നിർത്തിയില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വാഹനം പിടികൂടിയത്.
ദുരൂഹത ബാക്കി
എക്‌സൈസ് പിന്തുടർന്നപ്പോൾ ടോൾ പ്ലാസയിലെ ബൂം ബാരിയർ തർകർത്ത് പോയതിന് കാരണം വാഹനത്തിൽ സ്പിരിറ്റ് ഉണ്ടായിരുന്നത് കൊണ്ടാണെന്നാണ് സംശയം. എന്നാൽ, എക്‌സൈസ് പറയുന്നത് ബാഹ്യമായ ഇടപെടൽ ഒന്നും നടന്നിട്ടില്ലെന്നും വാഹനത്തിൽ ഉണ്ടായ പണം നഷ്ടപ്പെടാതിരിക്കാനാണ് പ്രതി ഇങ്ങനെ ചെയ്തതെന്നുമാണ്. അതേസമയം, പാലക്കാട് എക്‌സൈസ് സംഭവത്തിൽ കേസ് എടുത്തിട്ടില്ല. പൊലീസിനാണ് കേസ് എടുക്കാനുള്ള ചുമതലയെന്നാണ് എക്‌സൈസ് പറയുന്നു. അതേസമയം, ചെന്നൈയിൽ നിന്നുമാണ് ഹാൻസ് കൊണ്ടുവരുന്നതെന്നും ഇവരുടെ ഇടപാടുകാരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എക്‌സൈസ് വ്യക്തമാക്കി. അതേസമയം, വാഹാനത്തിൽ ഉണ്ടായിരുന്ന സ്പിരിറ്റ് മാറ്റിയതായും സൂചനയുണ്ട്.