കൊച്ചി: ലോക്ക് ഡൗൺ മേയ് 17 വരെ നീട്ടിയ സാഹചര്യത്തിൽ തൊഴിലെടുക്കാനാവാതെ ദുരിതത്തിലായ ബാർബർ, ബ്യൂട്ടീഷ്യൻ തൊഴിലാളികൾക്ക് സാമ്പത്തിക സഹായം നൽകണമെന്ന് കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യൻ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ച് ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും കട തുറക്കാൻ അനുവദിക്കണം. സാമൂഹിക അകലം പാലിച്ച് വീടുകളിൽ പോയി ജോലിയെടുത്താൽ ഉപകരണങ്ങൾ അണുവിമുക്തമാക്കാനാവില്ലെന്നും അവർ ചൂണ്ടിക്കാട്ടി. സൗജന്യമായി ഭക്ഷ്യധാന്യങ്ങൾ, സഹകരണ ബാങ്കുകൾ വഴി പലിശരഹിത വായ്പ ലഭ്യമാക്കുക, അടച്ചിട്ടിരിക്കുന്ന ബാർബർ ഷോപ്പുകൾക്കും ബ്യൂട്ടിഷ്യൻ പാർലറുകൾക്കും വാടക, വൈദ്യുതി ചാർജ് എന്നിവയിൽ ഇളവ് നൽകാൻ സർക്കാർ ഇടപെടുക തുടങ്ങിയ ആവശ്യങ്ങൾ സംഘടന ഉന്നയിച്ചു. സംസ്ഥാന പ്രസിഡന്റ് ഇ.എസ്.ഷാജി, കെ.ഇ.ബഷീർ, കെ.എൻ.അനിൽ ബിശ്വാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.