# ഡ്യൂട്ടിയിൽ 200 പൊലീസുകാർ

നെടുമ്പാശേരി: പ്രവാസികളെ സ്വീകരിക്കാൻ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ വിപുലമായ പൊലീസ് സന്നാഹം. ഇരുനൂറോളം പൊലീസ് ഉദ്യോഗസ്ഥരുണ്ടാകും. എയർപോർട്ട് കൊവിഡ് കൺട്രോൾ റൂം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പ്രവർത്തനമാരംഭിക്കും.

രണ്ട് ഡിവൈ.എസ്.പി മാർക്കാണ് കൺട്രോൾ റൂം ചുമതല. രണ്ട് സബ് ഇൻസ്‌പെക്ടർമാരും നാല് സിവിൽ പൊലീസുദ്യോഗസ്ഥരുമുണ്ടാകും. വിമാനങ്ങളുടെയും യാത്രക്കാരുടെയും വിവരങ്ങൾ ഇവിടെ ശേഖരിക്കും. അറൈവൽ ഗേറ്റിൽ മൂന്ന് സി.ഐമാരും മൂന്ന് എസ്.ഐമാരും ഏഴ് സിവിൽ പൊലീസുദ്യോഗസ്ഥരും ഉണ്ടാകും. സാമൂഹ്യ അകലം പാലിച്ചേ ഇവിടെ ആളുകളെ നിർത്തുകയുള്ളു. അറൈവൽ ഏരിയയും മറ്റും പൊലീസ് നിയന്ത്രണത്തിലായിരിക്കും. എയർപോർട്ട് ചെക്ക് പോസ്റ്റ് ഏരിയയിലും പൊലീസ് പിക്കറ്റുണ്ട്. കർശന പരിശോധനയ്ക്കു ശേഷമേ വാഹനങ്ങൾ വിമാനത്താവളത്തിനകത്തേക്കും പുറത്തേക്കും കടത്തിവിടൂ. വിമാനത്താവളത്തിൽ മെഡിക്കൽ പരിശോധനക്കുശേഷം പുറത്തുവരുന്ന യാത്രക്കാരെ പൊലീസ് അകമ്പടിയോടെ ക്വാറന്റൈൻ സെന്ററിൽ എത്തിക്കും.

# പ്രത്യേക ടാക്‌സികൾ

പ്രവാസികളെ താമസിപ്പിക്കുവാൻ 14 ഹോട്ടലുകളും അനുബന്ധ സ്ഥാപനങ്ങളുമാണ് ഏറ്റെടുത്തിട്ടുള്ളത്. യാത്രക്കാരെ കൊണ്ടുപോകുന്നതിന് പ്രത്യേക ടാക്‌സികൾ ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ചുസീറ്റുള്ള വാഹനത്തിൽ രണ്ട് യാത്രക്കാരും ഡ്രൈവറും മാത്രം. ഏഴ് സീറ്റ് വാഹനത്തിൽ നാല് യാത്രക്കാരും ഡ്രൈവറുമുണ്ടാകും. ക്വാറന്റൈൻ സെന്ററിൽ 24 മണിക്കൂറും പൊലീസിന്റെ പ്രത്യേക ഗാർഡിന്റെ സേവനം ഉണ്ടാകും.

# പ്രവാസികൾ നിരീക്ഷണത്തിനായി രാജഗിരിയിലേക്ക്

നെടുമ്പാശേരി: ഇന്ന് ആദ്യവിമാനത്തിലെത്തുന്നവർക്ക് നിരീക്ഷണ സംവിധാനമൊരുക്കിയിരിക്കുന്നത് കളമശേരി രാജഗിരി കോളേജ് ഹോസ്റ്റലിൽ. 75 മുറികളാണ് ഇവിടെ സജ്ജമാക്കിയിട്ടുള്ളത്. ജില്ലയിലുള്ള രോഗലക്ഷണമില്ലാത്തവരെ മാത്രമായിരിക്കും ഇവിടെ താമസിപ്പിക്കുക. രോഗലക്ഷണമുള്ളവരെ ആലുവ ജില്ലാ ആശുപത്രിയിലേക്കും മറ്റ് ജില്ലകളിൽ നിന്നുള്ളവരെ അതാത് ജില്ലകളിൽ സജ്ജമാക്കിയിരിക്കുന്ന നിരീക്ഷണ കേന്ദ്രത്തിലേക്കും മാറ്റും. ഇതിനായി എല്ലാ ജില്ലകളിലേക്കുമുള്ള കെ.എസ്.ആർ.ടി.സി ബസുകളും നെടുമ്പാശേരി വിമാനത്താവളത്തിൽ സജ്ജമാക്കും.
ആദ്യവിമാനത്തിൽ എറണാകുളം ജില്ലയിൽ നിന്നുള്ള ഇരുപതിലധികം യാത്രക്കാർ ഉണ്ടെന്നാണ് പ്രാഥമികവിവരം. ഗർഭിണികൾ, പ്രായമായവർ, ചികിത്സ ആവശ്യമുള്ളവർ തുടങ്ങിയവർക്കാണ് മുൻഗണന നൽകിയിരിക്കുന്നത്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ വിവിധ വകുപ്പുകളിലെ ഡോക്ടർമാരുടെ സേവനവുമുണ്ട്.