കൊച്ചി: കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വെയിലും മഴയുമേറ്റ് നിരത്തുകളിൽ ഡ്യൂട്ടിയെടുക്കുന്ന പൊലീസിന് റോട്ടറി ക്ളബ് കുടകൾ നൽകി. കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകൾ ഉൾപ്പടുന്ന റോട്ടറി ഡിസ്ട്രിക്ട് 3201 ആണ് ആയിരത്തിലേറെ കുടകൾ നൽകുന്നത്. എറണാകുളം സിറ്റി സ്റ്റേഷനുകൾക്ക് വേണ്ടി അഡിഷണൽ സിറ്റി കമ്മിഷണർ കെ.പി. ഫിലിപ്പും തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണർ കെ.എം. ജിജിമോനും ചേർന്ന് റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ആർ. മാധവ് ചന്ദ്രനിൽ നിന്ന് ഏറ്റുവാങ്ങി. നിയുക്ത ഗവർണർ എസ്. രാജ്‌മോഹൻ നായർ, കൊച്ചിൻ ടെക്‌നോപോളിസ് റോട്ടറി ക്ലബ് പ്രസിഡന്റ് ജയരാജ് കുളങ്ങര എന്നിവർ പങ്കെടുത്തു.
റൂറൽ സ്റ്റേഷനുകൾക്ക് വേണ്ടി റൂറൽ എസ്.പി കെ. കാർത്തിക് കുടകൾ ഏറ്റുവാങ്ങി. തൃശൂരിൽ കമ്മിഷണർ ആർ. ആദിത്യയും പാലക്കാട്ട് ജില്ലാ പൊലീസ് മേധാവി ജി. ശിവവിക്രമും ഏറ്റുവാങ്ങി.