അങ്കമാലി: കഞ്ചാവ് മാഫിയാ സംഘം രാത്രി വീട് കയറി ആക്രമിച്ചു. സാരമായി പരിക്കേറ്റ രണ്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . സംഘത്തിലെ എസ്റ്റിൻ എന്ന ആളെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി .
അങ്കമാലി ഭാവന നഗറിൽ മട്ടത് സുരേന്ദ്രന്റെ വീട്ടിൽ ചൊവാഴ്ച രാത്രി പത്തുമണിയോടുകൂടിയായിരുന്നു ആക്രമണം. സുരേന്ദ്രന്റെ മക്കൾ രാഘുൽ (34), അർജുൻ(24) എന്നിവരാണ് ആശുപത്രിയിലുള്ളത്. രാഘുലിന്റെ ഇടതുകാലിന്നു മൂന്ന് പൊട്ടലുണ്ട്. അടുത്ത ദിവസം ശസ്ത്രക്രിയ നിശ്ചയിച്ചിട്ടുണ്ട്. ഇടതു കൈക്ക് ആഴത്തിൽ മുറിവേറ്റ അർജുനനു ശസ്ത്രക്രിയ നടത്തി. മകൻ വിഷ്ണുവിനും (30) പരിക്കേറ്റിട്ടുണ്ട്.
മാരകായുധങ്ങളുമായി എത്തിയ ഇരുപതോളം പേരടങ്ങുന്ന സംഘം ജനൽ ചില്ലുകൾ അടിച്ചു പൊളിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു . അർജുനനെ ഫോണിൽ വിളിച്ച് ആക്രമണം നടക്കുമെന്ന് അറിയിച്ച ശേഷമാണ് ഇവർ എത്തിയത് .
കഞ്ചാവ് സംഘത്തെക്കുറിച്ച പൊലീസിൽ വിവരം നൽകിയെന്ന പേരിലായിരുന്നു അക്രമം. അങ്കമാലി പൊലീസ് കേസെടുത്തു.