ചെന്നൈ: പൊതു ടോയ്ലറ്റുകളുടെ ഉപയോഗമാണ് കൊവിഡ് രോഗം ചെന്നൈയിൽ വ്യാപിച്ചതിന്റെ പ്രധാന കാരണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ..പളനിസ്വാമി പറഞ്ഞു. "പലരും പൊതു ടോയ്‌ലറ്റുകൾ ഉപയോഗിക്കുന്നു, ഇത് രോഗം പടരാൻ കാരണമായി. ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ (ജിസിസി) ഉദ്യോഗസ്ഥർ അവിടെ പതിവായി അണുനാശിനി തളിക്കുകയാണ്," കോർപ്പറേഷൻ ആസ്ഥാനത്തെ അവലോകന യോഗത്തിന് ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെന്നൈയിൽ രോഗം പടരുന്നതിന് പിന്നിലെ മറ്റൊരു പ്രധാന കാരണം ജനസംഖ്യ കൂടിയ പ്രദേശങ്ങളും തെരുവുകളുമാണെന്ന് പളനിസ്വാമി പറഞ്ഞു. ഇപ്പോൾ ഓരോ ദിവസവും 12,000 സാമ്പിളുകൾ പരിശോധിക്കുന്നു. അതിനാലാണ് പോസിറ്റീവ് കേസുകളുടെ എണ്ണം വർദ്ധിക്കുന്നത്. എന്നാൽ ആളുകൾ ഇതിനെക്കുറിച്ച് വിഷമിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. 4,000 കിടക്കകളുള്ള ആശുപത്രി ചെന്നൈയിൽ സജ്ജീകരിച്ചിട്ടുണ്ട്. പുറത്തേക്ക് പോകുമ്പോൾ മാസ്ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക, പതിവായി കൈ കഴുകുക തുടങ്ങിയ ലോക്ക്ഡൗൺ പ്രോട്ടോക്കോളുകൾ പാലിക്കേണ്ടതിന്റെ പ്രാധാന്യവും മുഖ്യമന്ത്രി ആവർത്തിച്ചു.
രാജ്യത്ത് ഏറ്റവും കൂടുതൽ ടെസ്റ്റിംഗ് സൗകര്യങ്ങൾ (50) ഉള്ളത് തമിഴ്‌നാട്ടിലാണ്. ചെന്നൈയിലെ കണ്ടെയ്ന്മേന്റ് സോണുകളെ സംബന്ധിച്ചിടത്തോളം ഉദ്യോഗസ്ഥർ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും ഒരു ദിവസം മൂന്നുതവണ അണുവിമുക്തമാക്കൽ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിൽ ആരും പട്ടിണി കിടക്കാതിരിക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്. അമ്മ കാന്റീനുകൾ പ്രതിദിനം 7 ലക്ഷം ആളുകൾക്ക് ഭക്ഷണം നൽകുന്നു. കമ്മ്യൂണിറ്റി അടുക്കളകൾ 2 ലക്ഷം സേവനം നൽകുന്നു. മേയ്, ജൂൺ മാസങ്ങളിൽ സൗജന്യ അരിയും പഞ്ചസാരയും എണ്ണയും റേഷൻകടകൾ വഴി നൽകുമെന്നും അദ്ദേഹം പറഞ്ഞു.