കൊച്ചി: റെയിൽവെ സ്‌റ്റേഷനുകളിലും മറ്റു പ്രീ പെയ്ഡ് സ്റ്റാന്റുകളിൽ നിന്നും പിരിച്ചെടുത്ത തുക ലോക്ക് ഡൗൺ കാലത്ത് ദുരിതത്തിലായ ഓട്ടോ തൊഴിലാളികളുടെ ക്ഷേമത്തിന് ഉപയോഗിക്കണമെന്ന് ഓട്ടോറിക്ഷ തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) ആവശ്യപ്പെട്ടു.
ദിനംപ്രതി ലക്ഷക്കണക്കിന് രൂപയാണ് പൊലീസ് യാത്രക്കാരിൽ നിന്ന് പിരിച്ചെടുത്തത്. ആദ്യം ഒരു രൂപയാടായിരുന്നത് രണ്ട് രൂപയാക്കി. തൊഴിലാളി ക്ഷേമത്തിന് തുക വിനിയോഗിക്കുമെന്ന് പറഞ്ഞിരുന്നു. വരവ്, ചെലവ് കണക്കുകൾ ഓട്ടോറിക്ഷ യൂണിയനുകളെ അറിയിക്കുമെന്നും പറഞ്ഞിരുന്നെങ്കിലും ചെയ്തിട്ടില്ല. കണക്കുകൾ പുറത്തുവിടണം.
പിരിച്ചെടുത്ത തുക വിഷമഘട്ടങ്ങളിലെങ്കിലും തൊഴിലാളികളുടെ ക്ഷേമത്തിന് ഉപയോഗിക്കണമെന്നും ഫെഡറേഷൻ എറണാകുളം മണ്ഡലം പ്രസിഡന്റ് വി.എസ് സുനിൽകമാർ, സെക്രട്ടറി ഷെമീർ എന്നിവർ ആവശ്യപ്പെട്ടു.