ഹൈദരാബാദ്: ആന്ധ്രയിൽ നിന്നുള്ള മുന്നൂറോളം മത്സ്യത്തൊഴിലാളികൾ കർണാടകയിലെ ഉഡുപ്പി ജില്ലയിലെ മാൽപെ ഗ്രാമത്തിൽ കുടുങ്ങിക്കിടക്കുന്നു. മേയ് മൂന്നിന് ശേഷം കർണാടക സർക്കാർ ഇവർക്ക് ഭക്ഷണം വിതരണം ചെയ്യുന്നത് നിറുത്തിവച്ചതോടെ മത്സ്യത്തൊഴിലാളികൾ പട്ടിണിയിലാണ്.
വിഷയത്തിൽ ടി.ഡി.പി അദ്ധ്യക്ഷൻ എൻ. ചന്ദ്രബാബു നായിഡു കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുമായി ചർച്ച നടത്തി. കുടുങ്ങിയ മത്സ്യത്തൊഴിലാളികൾക്ക് ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും നൽകണമെന്നും അവരെ ആന്ധ്രയിലേക്ക് തിരിച്ചയക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യണമെന്നും അദ്ദേഹം ബുധനാഴ്ച മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. അനുകൂല പ്രതികരണമാണ് യെദിയൂരപ്പയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് നായിഡു ട്വീറ്റ് ചെയ്തു.
കുടുങ്ങിയ മത്സ്യത്തൊഴിലാളികളിൽ 56 പേർ കിഴക്കൻ ഗോദാവരി ജില്ലയിൽ നിന്നുള്ളവരും ബാക്കിയുള്ളവർ ശ്രീകാകുളം ജില്ലയിൽ നിന്നുള്ളവരുമാണ്. ഇവരെല്ലാം മത്സ്യബന്ധനത്തിനായി ഏഴുമാസം മുമ്പ് ഉഡുപ്പിയിലേക്ക് പോയി. അവർ മടങ്ങാൻ ഒരുങ്ങുമ്പോഴേക്കും ലോക്ക് ഡൗൺ പ്രാബല്യത്തിൽ വന്നു.