കൊച്ചി: ലോക്ക്ഡൗൺ കാലയളവിലെ വൈദ്യുതി ചാർജുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം കെ.എസ്.ഇ ബി ഓഫീസിൽ സമരം നടത്തിയ യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നോർത്ത് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. എറണാകുളം ടൗൺ നോർത്ത് എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംസ്ഥാന സെക്രട്ടറിയായ മനു ജേക്കബിനെ ക്രൂരമായി മർദ്ദിച്ചതാണ് ഉപരോധത്തിലേക്ക് നയിച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ ഷാജഹാന്റെയും നിയോജകമണ്ഡലം പ്രസിഡന്റ് സിജോ ജോസഫിന്റെയും നേതൃത്വത്തിലെത്തിയ സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. തുടർന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസും ജന. സെക്രട്ടറി തമ്പി സുബ്രമണ്യവും അസി.കമ്മീഷണർ ലാൽജി, സി.ഐ സിബി ടോം എന്നിവരുമായി സംസാരിച്ചു. എസ്.ഐക്കെതിരെ വകുപ്പുതല അന്വേഷണം നടത്തി നടപടി സ്വീകരിക്കാമെന്ന ഉറപ്പിന്മേലാണ് പ്രവർത്തകർ പിരിഞ്ഞു പോയത്. മർദനമേറ്റയാൾ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ ജില്ലാ പൊലീസ് മേധാവിക്ക് സമർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.