വൈപ്പിൻ: ലോക്ക് ഡൗണിനെതുടർന്ന് അടച്ചുപൂട്ടിയ മുനമ്പം മാതൃക ഫിഷിംഗ് ഹാർബർ നാളെ മുതൽ തുറന്ന് പ്രവർത്തിക്കും. ഇന്നലെ ഹാർബർ മാനേജ്‌മെൻറ് സൊസൈറ്റി വിളിച്ചു കൂട്ടിയ ബോട്ടുടമകളുടേയും മത്സ്യമേഖലയിലെ മറ്റ് പ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനമുണ്ടായത്. സർക്കാർ നിർദേശപ്രകാരം ഇടനിലക്കാരെ ഒഴിവാക്കി മത്സ്യവില്പന നടത്തുന്നതും വിൽക്കുന്ന മത്സ്യത്തിന്റെ ഒരു ശതമാനം തുക ഹാർബർ മാനെജ്‌മെന്റ് കമ്മിറ്റിക്ക് നൽകുന്നതും സംബന്ധിച്ച വിഷയത്തിൽ എതിർപ്പുകൾ ഉയർന്നതിനെതുടർന്ന് ഇക്കാര്യം ചർച്ച ചെയ്യാൻ നാളെ ജില്ലാ കളക്ടർ യോഗം വിളിച്ചിട്ടുണ്ട്. ധാരണയാകും വരെ മുനമ്പം ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുകളിലെ മത്സ്യം വിറ്റഴിക്കാൻ തരകൻമാരുടെയും ബോട്ടുടമകളുടേയും ഉദ്യോഗസ്ഥൻമാരുടേയും പ്രതിനിധികൾ ഉൾപ്പെട്ട ഒരു സബ് കമ്മിറ്റിക്ക് രൂപം നല്കിയിട്ടുണ്ട്. അതെ സമയം സംസ്ഥാനത്തെ ഒരു മത്സ്യബന്ധന ഹാർബറുകളിലും ഹാർബർ സൊസൈറ്റിക്ക് ഒരു ശതമാനം വിഹിതം നല്കുന്ന സമ്പ്രദായം നടപ്പാക്കിയിട്ടില്ലെന്ന് മുനമ്പം ബോട്ട് ഓണേഴ്‌സ് കോ ഓർഡിനേഷൻ കമ്മിറ്റി അഭിപ്രായപ്പെട്ടു.

വിൽക്കുന്ന മത്സ്യത്തിന്റെ ഒരു ശതമാനം തുക ഹാർബർ മാനേജ്‌മെന്റ് കമ്മിറ്റിക്ക് നൽകുന്നതിനെകുറിച്ച് തർക്കം