prathikal
പിടിയിലായ പ്രതികൾ

ഒരാൾ ഒളിവിൽ

അടിമാലി:അടിമാലി കമ്പളികണ്ടത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് എൺപത്തിരണ്ടായിരം രൂപ തട്ടിയ നാലംഗസംഘത്തിലെ മൂന്ന് പേർ വെള്ളത്തൂവൽ പൊലീസിന്റെ പിടിയിലായി.കോതമംഗലം കോട്ടപ്പടി അയ്യൂർപാടം മാളിയേലിൽ ജോസ് (42),വാരപ്പെട്ടി പാറേക്കുടിചാലിൽ ബിജു (42),പനംകുട്ടി ചീങ്കല്ലേൽ ജോണി (47)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.സംഘത്തിലുൾപ്പെട്ട മൂവാറ്റുപുഴ ആനിക്കാട് രാഗേഷ് (അപ്പക്കാള-36)ഒളിവിലാണ്.സംഭവവുമായി ബന്ധപ്പെട്ട്പൊലീസ് പറയുന്നതിങ്ങനെ.കേസിൽ ഉൾപ്പെട്ടിട്ടുള്ള ബിജുവാണ് തട്ടിപ്പിന്റെ സൂത്രധാരൻ.ഇയാൾ സ്ഥിരമായി മുക്കുപണ്ടം പണയം വക്കുകയും പണം തട്ടുകയും ചെയ്യാറുണ്ട്. വിവിധ സ്റ്റേഷനുകളിലായി 16ഓളം കേസുകൾ നിലവിലുണ്ട്.സംഘത്തിൽ ഉൾപ്പെട്ടിട്ടുള്ള നാല് പേരും പലയിടങ്ങളിൽ വച്ച് പരിചയപ്പെട്ട് സൗഹൃദത്തിലായവരാണ്. ബിജുവിന്റെ ആസൂത്രണ പ്രകാരമായിരുന്നു ഇവർ കമ്പളികണ്ടത്തും തട്ടിപ്പ് നടത്തിയത്.രണ്ട് മാലകളുമായി സംഘം ഫെബ്രുവരി 2ന് തടിയമ്പാട് പ്രവർത്തിക്കുന്ന മറ്റൊരു പണമിടപാട് സ്ഥാപനത്തിൽ എത്തിയിരുന്നു.എന്നാൽ സംശയം തോന്നിയതിനാൽ ഇവർ പണയം സ്വീകരിച്ചില്ല.അതിനു ശേഷമാണ് സംഘം മൂന്നാം തിയതി കമ്പളികണ്ടെത്തെത്തി തട്ടിപ്പ് നടത്തി മടങ്ങിയത്.തട്ടിപ്പ് നടത്തിയ ദിവസം ജോസും രാഗേഷും ബിജുവുമൊന്നിച്ച് കോതമംഗലത്തു നിന്നും വാഹനവുമായി പനംകുട്ടിയിൽ വന്നു.പിന്നീട് ജോണിയേയും വാഹനത്തിൽ കയറ്റി കമ്പളികണ്ടത്തെത്തി.ജോസ് ആദ്യം ഒരു മാല പണയപ്പെടുത്തി 35000രൂപ കൈവശപ്പെടുത്തി.ശേഷം ഇവർ അടിമാലിയിൽ എത്തി മദ്യപിച്ചു.വീണ്ടും തിരികെ കമ്പളികണ്ടത്തെ സ്ഥാപനത്തിലെത്തി രാഗേഷ് രണ്ടാമത്തെ മാലപണയപ്പെടുത്തി 47000 രൂപ കൂടി കൈക്കലാക്കി.ഈ സമയം പുറത്ത് വാഹനത്തിൽ മറ്റുള്ളവർ കാത്ത് കിടന്നു.തട്ടിപ്പ് സംഘം ഉരുപ്പടികൾ പണയപ്പെടുത്തി മടങ്ങിയ ശേഷം സംശയം തോന്നിയ സ്ഥാപന ഉടമ നടത്തിയ പരിശോധനയിൽ നിന്നും കബളിപ്പിക്കപ്പെട്ട വിവരം തിരിച്ചറിഞ്ഞു.തുടർന്ന് പരാതിയുമായി പൊലീസിനെ സമീപിച്ചു.സ്ഥാപനത്തിലെ സിസിടിവിയിൽ നിന്നും ജോസിന്റെയും രാഗേഷിന്റെയും ദൃശ്യങ്ങൾ ലഭിച്ചതോടെ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.ഇവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നിന്നും പൊലീസ് സൂത്രധാരനായ ബിജുവിലേക്കും ജോണിയിലേക്കുമെത്തി.തുടർന്നാണ് സംഘത്തിലുൾപ്പെട്ട മൂന്ന് പേർ പിടിയിലായത്.വെള്ളത്തൂവൽ എസ്‌ഐ എം വി സ്‌കറിയ,അഡീഷണൽ എസ് ഐ അശോകൻ,സിപിഒ ഷാജഹാൻ,സതീശൻ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.