പളളുരുത്തി: ഇന്നലെ വൈകിട്ടുണ്ടായ കനത്ത മഴയിൽ പടിഞ്ഞാറൻ കൊച്ചിയിൽ പത്തോളം സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകി വീണു.വൈദ്യുതിയും ഗതാഗതവും നിലച്ചു.റോഡിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. കുമ്പളങ്ങി നോർത്ത് ഭുവനേശ്വരി ക്ഷേത്രത്തിന് പിറക് വശം, ഇടക്കൊച്ചി ഡോ.അംബേദ്കർ റോഡ്, തോപ്പുംപടി സൽക്കാര ഹോട്ടലിനു സമീപം, ഫോർട്ടുകൊച്ചി താമരപറമ്പ് ജ്ഞാനോദയം സഭാക്ഷേത്രത്തിന് സമീപം, തോപ്പുംപടി ബി.ഒ.ടി. പാലം പെട്രോൾ പമ്പിനു സമീപം, മട്ടാഞ്ചേരി കരിപ്പാലം മഞ്ഞ ഭഗവതി ക്ഷേത്രത്തിനു സമീപം, ഇടക്കൊച്ചി കുമ്പളം ഫെറി തുടങ്ങിയ സ്ഥലങ്ങളിലാണ് മരങ്ങൾ കടപുഴകി വീണത്. ലോക്ക് ഡൗൺ മൂലം ആരും പുറത്തിറങ്ങാതിരുന്നതിനാൽ ദുരന്തം ഒഴിവായി. പല സ്ഥലത്തും ഇലക്ട്രിക് കമ്പികൾ പൊട്ടി താഴെ വീണു. മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി, തുറമുഖം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റുകൾ എത്തി മരങ്ങൾ മുറിച്ചു നീക്കി. രാത്രി ഏറെ വൈകിയും വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ കഴിഞ്ഞില്ല.