വൈപ്പിൻ : ലോക്ക് ഡൗൺ ലംഘനം നടത്തിയെന്ന് പറഞ്ഞ് കസ്റ്റഡിയിലെടുത്ത മത്സ്യക്കച്ചവടക്കാരോട് ഞാറക്കൽ പൊലീസ് അതിക്രമം കാട്ടിയെന്ന് ആരോപണം. ഓൾ കേരള ഫിഷ് മർച്ചന്റ്‌സ് ആൻഡ് കമ്മീഷൻ ഏജന്റ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയാണ് പൊലീസിനെതിരെ രംഗത്തുവന്നിരിക്കുന്നത്. കഴിഞ്ഞദിവസം പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ട് മത്സ്യക്കച്ചവടക്കാരെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് ലോക്കപ്പിൽ അടച്ചതായാണ് ആരോപണം.

മത്സ്യക്കച്ചവടവുമായി ബന്ധപ്പെട്ട ചില ധാരണകൾക്ക് വഴങ്ങാതിരുന്നതിന്റെ പ്രതികാരമാണ് ഫിഷറീസ് , മത്സ്യഫെഡ് ഉദ്യോഗസ്ഥരുടെ സമ്മർദത്തിനുവഴങ്ങി പൊലീസ് നടപ്പാക്കിയതെന്ന് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം.ആർ. ബിജുകുമാർ, സംസ്ഥാന കമ്മിറ്റി അംഗം കെ.പി. രതീഷ് എന്നിവർ ആരോപിച്ചു. ലോക്ക് ഡൗണിൽ മത്സ്യമേഖലയ്ക്ക് കൂടുതൽ ഇളവുകൾ നൽകിത്തുടങ്ങുന്ന ഈ സമയത്ത് ചില പൊലീസുകാരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന നടപടികൾ സർക്കാരിന്റെയും പൊലീസിന്റെടെയും കോവിഡ് കാലത്തെ മികച്ച പ്രവർത്തനങ്ങൾക്ക് കളങ്കമാകുമെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി.