mav
മണ്ണൂർ പോഞ്ഞാശ്ശേരി റോഡിനു കുറുകെ വീണ കൂറ്റൻ മാവ്

കോലഞ്ചേരി: വേനൽമഴയ്ക്കൊപ്പം വീശിയടിച്ച കാ​റ്റിൽ തിരുവാണിയൂരിലും മണ്ണൂരിലും വ്യാപകനാശം. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് മഴയോടൊപ്പം ശക്തമായ കാറ്റ് വീശിയത്. തിരുവാണിയൂർ പഴുക്കാമറ്റം വാഴവേലക്കകത്ത് ജോയിയുടെ വീട് മരം വീണ് പൂർണമായും തകർന്നു. തച്ചുകുളങ്ങര കമലാസനൻ, അനിൽകുമാർ, ഓമനക്കുട്ടൻ എന്നിവരുടെ വീടിന് മുകളിലേക്ക് മരം മറിഞ്ഞുവീണ് നാശനഷ്ടം ഉണ്ടായി. പ്രദേശത്തെ നൂറ് കണക്കിന് റബ്ബർ മരങ്ങളും ജാതിയും കവുങ്ങും വാഴയും ഒടിഞ്ഞുവീണു.

പഴുക്കാമ​റ്റം തച്ചുകളങ്ങര റോഡിൽ മരം മറിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. ഇലക്ട്രിക് പോസ്​റ്റുകൾ തകർന്ന് മേഖലയിൽ വൈദ്യുതി പൂർണമായും നിലച്ചു. മണ്ണൂരിൽ കൂഴൂർ പാറേക്കര ജോബിയുടെ വീടിനടുത്തുള്ള മാവ് മണ്ണൂർ പോഞ്ഞാശേരി റോഡിലേയ്ക്ക് മറിഞ്ഞ് ഗതാഗതം തടസപ്പെട്ടു. നൂറു വർഷത്തിനു മേൽ പഴക്കമുള്ള മാവാണിത്. മാവ് മറിഞ്ഞ് വീണതിനെ തുടർന്ന് പതിനൊന്ന് വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞു. രണ്ട് ട്രാൻസ്ഫോർമറുകൾ

തകരാറിലായി. പട്ടിമറ്റം ഫയർ ഫോഴ്സെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുന:സ്ഥാപിക്കാൻ ശ്രമം തുടങ്ങി.