# ഇന്ന് നഗരത്തിലും പരിസരപ്രദേശങ്ങളിലും കുടിവെള്ളം മുടങ്ങും
# വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളംകയറി
ആലുവ: ആലുവ ജലശുദ്ധീകരണ ശാലയിൽ ശുദ്ധീകരിച്ച് വിതരണം ചെയ്യാനായി വാട്ടർടാങ്കിൽ വെള്ളമെത്തിക്കുന്ന കൂറ്റൻ പൈപ്പ് ലൈൻ ആലുവയിൽ പൊട്ടി. ഇന്നലെ രാത്രി ഏഴ് മണിയോടെ പമ്പ് കവലയിലെ ജല അതോറിറ്റി ക്വാർട്ടേഴ്‌സിനുള്ളിലാണ് പൈപ്പുലൈൻ പൊട്ടിയത്. ഇതിനെത്തുടർന്ന് ലക്ഷക്കണക്കിന് ലിറ്റർ വെള്ളം പുറത്തേക്കൊഴുകി.
ഉയർന്ന പ്രദേശമായ പമ്പ് കവലയിൽ നിന്ന് താഴ്ന്ന ഭാഗമായ റെയിൽവേ സ്റ്റേഷനിലേയ്ക്കാണ് വെള്ളം ഒഴുകിയത്. ഈ ഭാഗത്തുള്ള വ്യാപാരസ്ഥാപനങ്ങളിലും റെയിൽവെ സ്റ്റേഷന്റെ മുൻവശത്തും വെള്ളം ഇരച്ചുകയറി. പൈപ്പ് ലൈൻ പൊട്ടിയതറിഞ്ഞ് വൈദ്യുതി വിച്ഛേദിച്ചതോടെ പ്രദേശം പൂർണമായും ഇരുട്ടിലുമായി.
ആലുവ നഗരത്തിൽ വിതരണം ചെയ്യുന്ന 400 എം.എം. വലിപ്പമുള്ള പൈപ്പ് ലൈനാണ് പൊട്ടിയത്. ഇത് അറ്റകുറ്റപ്പണി നടത്താൻ കുറഞ്ഞത് ഒരു ദിവസമെടുക്കും. ഇതിനാൽ ഇന്ന് ആലുവ ടൗൺ, ചൂർണിക്കര, എടയപ്പുറം എന്നിവിടങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങുമെന്ന് ജലഅതോറിറ്റി അധികൃതർ അറിയിച്ചു.
ഇത് കൂടാതെ 36, 42 ഇഞ്ച് പൈപ്പുകളും ഇതിനോടൊപ്പം പോകുന്നുണ്ട്. വിശാലകൊച്ചിയിലേയ്ക്കും പശ്ചിമകൊച്ചിയിലേയ്ക്കും കുടിവെള്ളമെത്തിക്കുന്ന പൈപ്പുകളാണ് ഇവ രണ്ടും. എന്നാൽ ഈ പൈപ്പുകൾക്ക് കേടുപാട് സംഭവിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.