gopi
ഗോപി നിർമ്മിച്ച വഞ്ചി

കൊച്ചി: ലോക്ക് ഡൗൺ കാലത്ത് വീട്ടിൽ നിന്ന് ജോലിക്ക് പോകാനോ പുറത്തിറങ്ങാനോ പറ്റിയില്ലെങ്കിലും കൽപ്പണിക്കാരനായ കളമശേരി കങ്ങരപ്പടി പുളിയമ്പുറം കോളനിയിലെ കാഞ്ഞിരപ്പാടത്ത് വീട്ടിൽ ഗോപി പണിയിലാണ്.

കൊവിഡ് ഭീഷണി കഴിഞ്ഞ് ഗോപിയുടെ വീട്ടിലെത്തുന്ന അതിഥികളെ സ്വീകരിക്കാൻ വീട്ടുമുറ്റത്ത് നിറയെ താമരകൾ വിരിഞ്ഞു നിൽക്കുന്ന ഒരു വഞ്ചിയുണ്ട്. എട്ടടി നീളവും രണ്ടരയടി വീതിയുമുള്ള ആ വഞ്ചി ലോക്ക്ഡൗൺ കാലത്തെ ഗോപിയുടെ കരവിരുതിന്റെ ഫലമാണ്. തീർന്നില്ല, ചിപ്പിയുടെ ആകൃതിയിലുള്ള ചെറുമീൻകുളം, വിവിധതരം ചെടിച്ചട്ടികൾ എന്നിങ്ങനെ പോകുന്നു ലോക്ക്ഡൗൺ കാല പണികൾ.

ജോലി സ്ഥലത്ത് ബാക്കിയായിരുന്ന മെറ്റൽ, കമ്പി, നെറ്റ്, അയൽവീട്ടുകാരനിൽ നിന്ന് സംഘടിപ്പിച്ച അരച്ചാക്ക് സിമന്റ് എന്നിവയിലായിരുന്നു തുടക്കം. വഞ്ചി കണ്ട അയൽക്കാരൊക്കെ പ്രോത്സാഹിപ്പിച്ചതോടെ പലനാളായി ഉള്ളിലുറങ്ങി കിടക്കുന്ന കലാവിരുത് പുറത്തെടുക്കാൻ ഗോപിയും തീരുമാനിച്ചു. തേങ്ങ പൊതിക്കുന്ന യന്ത്രം ഉപയോഗിച്ച് ജലധാര, മീൻ കുളം, ചെടിച്ചട്ടികൾ എന്നിങ്ങനെ ലിസ്റ്റ് നീണ്ടു. ഇളവുകൾക്ക് അനുസരിച്ച് നിർമ്മാണത്തിന് ആവശ്യമായ സാധനങ്ങൾ സ്വന്തമാക്കി. ഇപ്പോൾ പണിതതൊന്നും വിൽക്കാൻ ഗോപിയില്ല. എന്നാൽ,​ കൊവിഡിന് ശേഷം ആവശ്യക്കാരെത്തിയാൽ ഇതേപോലുള്ളവ വീണ്ടും നിർമ്മിച്ചു നൽകാൻ ഗോപി തയ്യാർ.

#താമരയ്ക്ക് വിരിയാനൊരുക്കിയ വഞ്ചി

40 വർഷത്തോളമായി വീടുനിർമ്മാണ ജോലിക്കാരനാണ് ഗോപി. കെട്ടിടനിർമ്മാണമില്ലാത്ത അവസരങ്ങളിൽ ചെടികൾ വളർത്തുകയും വിൽക്കുകയും പച്ചക്കറി തോട്ടമൊരുക്കലുമൊക്കെയാണ് ഗോപിയുടെയും ഭാര്യ രുഗ്മിണിയുടെയും വിനോദം. ഓൺലൈൻ വഴി നാട്ടിൽ കിട്ടാത്ത തരം ചെടികൾ വാങ്ങുകയും വിൽക്കുകയും ചെയ്യാറുണ്ട്. മക്കൾ നിവ്യ സുധീഷും നിപുണുമാണ് ഇക്കാര്യത്തിൽ സഹായികൾ. അങ്ങനെ ഓൺലൈൻ വഴി വാങ്ങിയ ഏഴുനിറങ്ങളിലുള്ള താമരകൾക്ക് വീട്ടിലെ പ്ളാസ്റ്റിക് പാത്രത്തിൽ നിന്ന് സ്ഥാനക്കയറ്റം വേണമെന്ന് തോന്നിയപ്പോഴാണ് ലോക്ക് ഡൗൺ വന്നത്. ഉടനെ വഞ്ചിനിർമ്മാണത്തിലേക്ക് കടന്നു.