കൊച്ചി : കൊവിഡ് ഭീതി കണക്കിലെടുത്ത് ഒഴിച്ചുകൂടാനാവാത്ത സാഹചര്യത്തിലൊഴികെ അറസ്റ്റ് പാടില്ലെന്ന ഉത്തരവ് കർശനമായി പാലിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. അടിപിടിക്കേസിൽ പട്ടാമ്പി പൊലീസ് അറസ്റ്റുചെയ്ത യൂസഫ്, ഹാരിസ്, സക്കീർ, ആസിഫ് എന്നിവർക്ക് ജാമ്യം അനുവദിച്ചാണ് സിംഗിൾബെഞ്ച് ഇക്കാര്യം പറഞ്ഞത്. 2019 നവംബറിലുണ്ടായ സംഭവത്തിൽ ഏപ്രിൽ 20 മുതൽ പ്രതികൾ കസ്റ്റഡിയിലാണ്. അമ്പതിനായിരം രൂപയുടെ ബോണ്ടിലും തത്തുല്യമായ രണ്ട് ആൾജാമ്യത്തിലും പ്രതികളെ വിട്ടയയ്ക്കാൻ കോടതി ഉത്തരവിട്ടു. പുറത്തിറങ്ങുന്ന പ്രതികൾ കീഴ്കോടതി തുറന്ന് ഒരാഴ്ചയ്ക്കുള്ളിൽ ഈ നടപടികൾ പാലിക്കണം. ഇവർ തങ്ങുന്ന സ്ഥലവും ഫോൺ നമ്പറും ജയിൽ സൂപ്രണ്ടിന് നൽകണം. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സാമൂഹ്യഅകലം ഉൾപ്പെടെ നടപ്പാക്കാനാവുന്ന തരത്തിൽ ജയിലിലുള്ളവരുടെ എണ്ണം കുറയ്ക്കാൻ സുപ്രീംകോടതിയും ഹൈക്കോടതി ഫുൾബെഞ്ചും നിർദേശങ്ങൾ നൽകിയിരുന്നു.