hg1

കൊച്ചി : പാവപ്പെട്ട മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ ഭക്ഷണത്തിനായി സമീപിച്ചാൽ കോഴിക്കോട് നഗരസഭയും ജില്ലാഭരണകൂടവും ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. സാമൂഹ്യ അടുക്കളകൾ പൂട്ടിയതിനാൽ മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ ബുദ്ധിമുട്ടിലാണെന്നും ഇക്കാര്യങ്ങൾ വ്യക്തമാക്കി നഗരസഭാ കൗൺസിലർ നൽകിയ നിവേദനം പരിഗണിച്ചില്ലെന്നും ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശി ടി.പി.എം ജിഷാൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഡിവിഷൻബെഞ്ചിന്റെ നിർദ്ദേശം. കൗൺസിലർ നൽകിയ നിവേദനം നഗരസഭാ സെക്രട്ടറി എത്രയുംവേഗം തീർപ്പാക്കണമെന്നും വിധിയിൽ പറയുന്നു.

നേരത്തെ ഹർജി പരിഗണിച്ചപ്പോൾ സർക്കാരിന്റെ നിർദേശപ്രകാരമാണ് സാമൂഹ്യ അടുക്കള അടച്ചുപൂട്ടിയതെന്നും സ്വകാര്യവ്യക്തികൾക്ക് നഗരസഭയുടെയോ ജില്ലാ ഭരണകൂടത്തിന്റെയോ അനുമതിയില്ലാതെ ഇതു നടത്താൻ കഴിയില്ലെന്നും നഗരസഭയുടെ അഭിഭാഷകൻ വിശദീകരിച്ചു. ഭക്ഷണം ലഭിക്കാതെ ആരെങ്കിലും സമീപിച്ചാൽ ആവശ്യമായ നടപടിയെടുക്കാൻ നഗരസഭയും ജില്ലാ ഭരണകൂടവും തയ്യാറാണെന്നും അഭിഭാഷകൻ അറിയിച്ചു. തുടർന്നാണ് ഇക്കാര്യങ്ങൾ നിർദേശിച്ച് ഹൈക്കോടതി ഹർജി തീർപ്പാക്കിയത്.