cement

കൊച്ചി: ലോക്ക്ഡൗണിൽ സിമന്റ് വില വർദ്ധിപ്പിച്ചത് കമ്പനികളാണെന്നും വ്യാപാരികളാണ് വില വർദ്ധിപ്പിച്ചതെന്ന മുഖ്യമന്ത്രിയുടെ പരാമർശം ശരിയല്ലെന്നും കേരള സിമന്റ് ഡീലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം.വി. സക്കീർ ഹുസൈൻ പറഞ്ഞു. സിമന്റിന്റെ വില്പനവില നിശ്ചയിക്കുന്നത് കമ്പനികളാണ്; ഡീലർമാരല്ല.

ലോക്ക്ഡൗണിന് മുമ്പ് സിമന്റിന് 395 മുതൽ 425 രൂപ വരെയാണ് കമ്പനികൾ നിശ്ചയിച്ച വില. 50 രൂപ വരെ വിലക്കിഴിവും നൽകിയിരുന്നു. സിമന്റ് വില്പന പുനരാരംഭിക്കാൻ സർക്കാർ അനുവദിച്ചതോടെ സിമന്റ് കമ്പനികൾ വിലക്കിഴിവ് പിൻവലിച്ചു. ഡീലർക്കുള്ള വില്പന വിലയിൽ 10 രൂപയും വർദ്ധിപ്പിച്ചു. ഇതുമൂലം ഡീലർമാർക്കു സിമന്റ് ലഭിക്കുന്നത് 435 രൂപയ്ക്കാണ്.

കയറ്റിറക്ക് കൂലി, പ്രളയ സെസ്, ലാഭം, ജി.എസ്.ടി എന്നിവ ചേർക്കുമ്പോൾ വില പിന്നെയും വർദ്ധിക്കും. ഇപ്പോഴത്തെ വിലവർദ്ധനയ്ക്ക് ഡീലറോ ചെറുകിട വ്യാപാരികളോ ഉത്തരവാദികളല്ല. വില വർദ്ധന പിൻവലിക്കാൻ കമ്പനികളുമായി സർക്കാർ ചർച്ച നടത്തണമെന്നും അദ്ദേഹം പറഞ്ഞു.