ആലുവ: വിദേശങ്ങളിലും അയൽ സംസ്ഥാനങ്ങളിലും കുടുങ്ങിയ മലയാളികളെ നാട്ടിൽ തിരിച്ചെത്തിക്കുക, യാത്രാച്ചെലവ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വഹിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചും പ്രവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ചൂർണിക്കരയിലെ വിവിധ ബൂത്തുകളിൽ കോൺഗ്രസ് പ്രവർത്തകർ ദീപംതെളിച്ച് പ്രതിഷേധിച്ചു. ഡി.സി.സി ജനറൽ സെകട്ടറി ബാബു പുത്തനങ്ങാടി, മണ്ഡലം പ്രസിഡന്റ് കെ.കെ. ജമാൽ എന്നിവർ പങ്കെടുത്തു.

കടുങ്ങല്ലൂർ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ മെഴുകുതിരി തെളിച്ച് പ്രതിഷേധിച്ചു. കിഴക്കെ കടുങ്ങല്ലൂരിൽ കളമശേരി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ശ്രീകുമാർ മുല്ലേപ്പിള്ളിയും ഉളിയന്നൂരിൽ ഡി.സി.സി ജനറൽ സെക്രട്ടറി കെ.കെ. ജിന്നാസും മുപ്പത്തടം കവലയിൽ മണ്ഡലം പ്രസിഡന്റ് വി.ജി. ജയകുമാറും ഉദ്ഘാടനം ചെയ്തു.