covid-19

കൊച്ചി: ഭർത്താവിനൊപ്പമുള്ള കുട്ടിയെ താല്ക്കാലികമായി വിട്ടുകിട്ടാൻ ഗൾഫിൽ നിന്നെത്തിയ യുവതി നൽകിയ ഹർജിയിൽ കൊവിഡ് പരിശോധന നടത്തി ഫലം അറിയിക്കാൻ ഹൈക്കോടതി നിർദേശിച്ചു.

തൊടുപുഴ കുടുംബ കോടതിയിൽ ദമ്പതികളുടെ കേസ് നിലവിലുണ്ട്. യുവതി സൗദി അറേബ്യയിൽ ആയിരുന്നതിനാൽ കുട്ടിയുടെ സംരക്ഷണം കുടുംബകോടതി പിതാവിന് കൈമാറിയിരുന്നു. മാർച്ച് ഏഴിന് തിരിച്ചെത്തിയ യുവതി കുട്ടിയെ വിട്ടുകിട്ടാൻ കുടുംബ കോടതിയെ സമീപിച്ചെങ്കിലും കൊവിഡ് പരിശോധന നടത്തിയിട്ടില്ലെന്ന എതിർവാദം സ്വീകരിച്ച് ആവശ്യം നിരസിച്ചു. ഇതിനെതുടർന്നാണ് കൊവിഡ് പരിശോധന നടത്താൻ സന്നദ്ധയാണെന്ന് അറിയിച്ച് ഹൈക്കോടതിയെ സമീപിച്ചത്. ഹർജിക്കാരിയുടെ ചെലവിൽ പരിശോധന നടത്തി ഫലം നൽകാൻ തൊടുപുഴ ജില്ലാ ആശുപത്രി സൂപ്രണ്ടിന് ഹൈക്കോടതി നിർദ്ദേശം നൽകി. ഹർജി മേയ് 18ന് വീണ്ടും പരിഗണിക്കും.