കൊച്ചി: തിരുവാതിരകളിക്ക് സമർപ്പിച്ച ജീവിതമായിരുന്നെങ്കിലും കീബോർഡ്, ഡ്രംസ് തുടങ്ങിയ ആധുനിക സംഗീതോപകരണങ്ങളിലും ഒരുകൈ നോക്കിയ കലാകാരിയാണ് മാലതി ജി. മേനോൻ. നൂറുകണക്കിന് ശിഷ്യർ തിരുവാതിര മുത്തശി എന്നാണ് അവരെ വിളിച്ചിരുന്നത്. ബുധനാഴ്ച രാത്രി നിര്യാതയായ ഗുരുവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിലും നിരവധി പേരെത്തി.

ചെറുപ്പത്തിലേ തിരുവാതിര അഭ്യസിക്കാൻ തുടങ്ങിയതാണ് മാലതി. പിന്നീട് പഠിപ്പിക്കാനും തുടങ്ങി. ഒരേവേദിയിൽ നിരവധിപേരെ അണിനിരത്തി മെഗാതിരുവാതിര അവതരിപ്പിച്ചതോടെയാണ് ശ്രദ്ധേയയായത്. തിരുവാതിരക്ക് പുറമെ അഭിനയം, പുസ്തകരചന എന്നിവയിലും പ്രശസ്തയാണ്.

കലകൾ പഠിക്കാൻ പ്രായം തടസമല്ലെന്ന് അവർ തെളിയിച്ചു. 75-ാം വയസിലാണ് കീബോർഡ്, ഡ്രംസ്, ചെണ്ട, കഥകളി, ഇടയ്ക്ക എന്നിവ പഠിച്ചത്. ആതിര തിരുവാതിര എന്ന തിരുവാതിരപ്പാട്ടുകളുടെ സമാഹാരം പ്രസിദ്ധീകരിച്ചു. ആതിര കുളിർനിലാ എന്ന തിരുവാതിരപ്പാട്ട് കാസറ്റും പുറത്തിറക്കി. മാലതിയോടുള്ള ആദരസൂചകമായി ഗുരുദക്ഷിണ എന്ന ഡോക്യുമെന്ററി ശിഷ്യർ തയ്യാറാക്കിയിരുന്നു.

മെഗാ പരിപാടികൾ

# 2012 ഡിസംബർ 14 ന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ 300 പേരുടെ തിരുവാതിരകളി.

# 2014 ഡിസംബർ 14 ന് ഡി.എച്ച് മൈതാനിയിൽ 3026 പേരുടെ മെഗാതിരുവാതിര. ലിംക ബുക്കിൽ ഇടംപിടിച്ചു.

# 2015 ഏപ്രിൽ 12 ന് പനമ്പിള്ളിനഗർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ 8 പേരുൾപ്പെട്ട 71 സംഘങ്ങളുടെ പുഷ്യരാഗ പിന്നൽ തിരുവാതിര. ഇന്ത്യാ, ഏഷ്യാ റെക്കാഡ് ബുക്കുകളിൽ ഇടംപിടിച്ചു.

പുരസ്കാരങ്ങൾ

# കേരള ഫോക്‌ലോർ അക്കാഡമി അവാർഡ്

# ആക്മിയുടെ കലാരത്നം അവാർഡ്

# സംഗീതനാടക അക്കാഡമിയുടെ ഗുരുപൂജ അവാർഡ്

# അംബേദ്കർ ഫെലോഷിപ്പ്

# ആൾ ഇന്ത്യാ അച്ചീവ്മെന്റ് ഫൗണ്ടേഷന്റെ ശിക്ഷാഭാരതി അവാർഡ്

# മുംബയിലെ ട്രൂ ഇന്ത്യൻ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് സൊസൈറ്റിയുടെ ആജീവനാന്ത സംഭാവനയ്ക്ക് അവാർഡ്

# കേരള ഫോക്‌ലോർ അക്കാഡമിയുടെ ഫെലോഷിപ്പ്

# കേരളശ്രീ അവാർഡ്