കൊച്ചി :പച്ച സോണിലെത്തിയതോടെ നഗരം പതിയെ അതിന്റെ തിരക്കുകളിലേക്ക് മടങ്ങിയെത്തുകയാണ്. രാവിലെ ഓഫീസുകളിലേക്ക് പോകാനും ലോക്ക് ഡൗൺ കാലത്ത് മാറ്റി വച്ച ആവശ്യങ്ങൾക്കുമായി ആളുകൾ പുറത്തിറങ്ങി . നഗരവീഥികളിൽ സിഗ്നലുകൾ തെളിഞ്ഞു. വൈകിട്ട് ഏഴരയ്ക്ക് മുമ്പ് ആവശ്യങ്ങളെല്ലാം തീർത്ത് വീടിനുള്ളിൽ കയറാനുള്ള തിരക്കാണ് വൈകുന്നേരങ്ങളിൽ.

പെന്റാ മേനക

നഗരത്തിൽ ലോക്ക് ഡൗൺ കാലത്ത് തന്നെ ഇളവുനേടിയ ഇടങ്ങളിലൊന്നായിരുന്നു മേനകയിലെ മൊബൈൽ, ഇലക്ട്രോണിക് ഉപകരണങ്ങളുടെ വില്പന കേന്ദ്രമായ പെന്റാ മേനക. ഞായറാഴ്ചകളിൽ തുറക്കാമെന്ന ഇളവ് ലഭിച്ചെങ്കിലും വളരെ പരിമിതമായേ ആളുകൾ കടയിൽ എത്തിയിരുന്നുള്ളൂ. നഗരത്തിൽ ആളിറങ്ങിയപ്പോൾ ആദ്യം അനക്കം വച്ചയിടങ്ങളിൽ ഒന്ന് പെന്റാമേനകയാണ്. വൈകിട്ട് ഏഴുവരെ കട തുറക്കാമെങ്കിലും തിരക്ക് കാരണം കൃത്യസമയത്ത് പൂട്ടാനായില്ലെങ്കിലോ എന്ന് കരുതി അഞ്ചിന് തന്നെ കടകളടയ്ക്കുകയാണ് ഉടമകൾ.

ബ്രോഡ് വേ

ലോക്ക് ഡൗൺ കാലത്തും തുറന്നുകിടക്കുകയായിരുന്നു ബ്രോഡ് വേ. പച്ചക്കറിയും അവശ്യസാധനങ്ങളും ഒന്നിച്ചു വാങ്ങാൻ വിരലിൽ എണ്ണാവുന്ന ആളുകളേ എത്തിയിരുന്നുള്ളൂ. എന്നാൽ,​ എറണാകുളം ഗ്രീൻ സോൺ ആയപ്പോൾ കഥമാറി. ആളുകളുടെ എണ്ണം കൂടിയതോടെ അധികാരികൾ ഇടപെട്ടു. ഓരോ വശവും ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കാൻ ധാരണയായി. അതുകൊണ്ടു തന്നെ ആളുകൾ നിയന്ത്രിത അളവിലേ ബ്രോഡ്‌വേയിൽ ഉള്ളൂ. ഒറ്റനിലയിലുള്ള വസ്ത്രശാലകളുൾപ്പെടെയുള്ളവ തുറന്നിട്ടുണ്ട്.

ഗോശ്രീ

ലോക്ക്ഡൗൺ കാലത്തും സജീവമായിരുന്ന മറ്റൊരിടമാണ് ഗോശ്രീ പാത. തനിനാടൻ ചക്കയും മാങ്ങയും പൈനാപ്പിളുമെല്ലാമായി ജില്ലയുടെ പലഭാഗത്ത് നിന്നും ആളുകൾ വില്പനയ്ക്കായി എത്തി. അത്യാവശ്യത്തിന് നഗരത്തിലെത്തുന്നവർ അത് വാങ്ങാനൊട്ടും മടിച്ചതുമില്ല. . കൈ വൃത്തിയാക്കാനുള്ള ഹാൻഡ് സാനിറ്റൈസർ ഉൾപ്പെടെ ഒരുക്കിയാണ് ഇവരുടെ കച്ചവടവും

എം.ജി റോഡ്

നഗരത്തിലെ പ്രധാനപാതയായ എം.ജി റോഡിൽ രാവിലെ മുതൽ വാഹനങ്ങളുടെ തിരക്കാണ്. തിരക്ക് നിയന്ത്രിക്കാൻ സിഗ്നൽ ലൈറ്റുകളും ഇവിടെ പ്രവർത്തിച്ചു തുടങ്ങി. ഇരുനിലകളുള്ള വസ്ത്രശാലകളും ജ്വല്ലറികളും തുറക്കരുതെന്ന നിയന്ത്രണമുള്ളതിനാൽ എം.ജി റോഡിലെ പല കടകളും അടഞ്ഞുകിടക്കുകയാണ്. എന്നാൽ,​ ഓഫീസുകളും മറ്റു സ്ഥാപനങ്ങളും കുറഞ്ഞ ജീവനക്കാരോടെ പ്രവർത്തനം ആരംഭിച്ചു.

പനമ്പിള്ളി നഗർ

യുവതിയുടെ രാത്രിഭക്ഷണ സങ്കേതമായ പനമ്പിള്ളി നഗറിന് ഇപ്പോഴും പകലനക്കം കുറവാണ്. സ്ഥലത്ത് ഒറ്റനിലയിൽ പ്രവർത്തിക്കുന്ന ബൊട്ടീക്കുകളും അവശ്യവസ്തു വില്പനകേന്ദ്രങ്ങളും മാത്രമേ ഇവിടെ ഇപ്പോഴും പ്രവർത്തിക്കുന്നുള്ളൂ.