house
കാറ്റിൽ ഓടുകൾ പറന്ന് പോയ കുട്ടമശേരി മുട്ടത്തുംകുടി റോഡിൽ നിസാറിന്റെ വീട്

# മരങ്ങൾ കടപുഴകി വീണു

# വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു

# വീടിന്റെ മേൽക്കൂര പറന്നു

ആലുവ: ശക്തമായ കാറ്റിലും മഴയിലും കുട്ടമശേരി മേഖലയിൽ വ്യാപകനാശം. കീഴ്മാട് ഗ്രാമപഞ്ചായത്തിൽപ്പെട്ട കുട്ടമശേരി, ചാലക്കൽ പ്രദേശങ്ങളിലാണ് കാറ്റ് നാശം വിതച്ചത്. നിരവധി മരങ്ങൾ കടപുഴകിവീണു. വീടുകൾക്കും നാശമുണ്ടായി.

കുട്ടമശേരി മുട്ടത്തുംകുടി റോഡിൽ മരങ്ങൾ മറിഞ്ഞ് നാല് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു. മുട്ടത്തുംകൂടി നിസാറിന്റെ വീടിന്റെ ഒടുകൾ ശക്തമായ കാറ്റിൽ പറന്നുപോയി. കൊട്ടക്കുടി നൗഷാദ്, എരുത്തിയിൽ മാഹിൻ എന്നിവരുടെ വീടുകളിലേക്ക് മരം വീണ് ചെറിയ നാശമുണ്ടായി. ഇവിടെ കാറ്റിൽ ഉലഞ്ഞ മരങ്ങൾ അപകടാവസ്ഥയിലാണ്. കുട്ടമശേരി ജംഗ്ഷനിൽ മിയ്യത്ത് ഷിഹാബിന്റെ റൂഫിംഗ് ഷീറ്റുകളും അരിയപ്പിള്ളി പിഷാരത്തിലെ ഓടും കാറ്റിൽ പറന്നുപോയി. കുട്ടമശേരിയിൽ ഓൺലൈൻ പരീക്ഷാ സെന്ററിന് സമീപം മരംവീണ് ഗതാഗതം തടസപ്പെട്ടു.

തുരുത്തിക്കാട്, ചാലക്കൽ ഭാഗങ്ങളിലും കാറ്റ് നാശം വിതച്ചു. ചാലക്കൽ പാടശേഖരത്തിൽ നിരവധി വാഴകൾ നശിച്ചു. ചാലക്കൽ ജുമാ മസ്ജിദിലെ ആസ്ബസ്റ്റോസ് പറന്നുവീണു. ജനൽപാളികൾ തകർന്നു. കുട്ടമശേരി മഠത്തിൽ റഹീമിന്റെ ഷീറ്റുമേഞ്ഞ മേൽക്കൂര മഴുവനായും ഹോമിയോ ഡിസ്‌പെൻസറി റോഡിലേക്ക് പതിച്ചു. മേൽക്കൂര പതിച്ച് സമീപത്തെ വീടിനും കേടുപാടുണ്ടായി.

വൈദ്യുതി കമ്പിയിൽ തട്ടിവീണ് യുവാവിന് പരിക്ക്

ആലുവ: കാറ്റിലും മഴയിലും പൊട്ടിവീണ വൈദ്യുതികമ്പിയിൽ തട്ടിവീണ് യുവാവിന് പരിക്കേറ്റു. കുട്ടമശേരി മുട്ടത്തുംകുടി റോഡിൽ പുത്തൻപുര മുഹമ്മദ് ഷെമീറിനാണ് (21) പരിക്കേറ്റത്. ഇവിടെ മരംവീണ് വൈദ്യുതിപോസ്റ്റ് ഒടിഞ്ഞിരുന്നു. ജോലികഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന മുഹമ്മദ് ഷെമീർ പൊട്ടിവീണ വൈദ്യുതികമ്പിയിൽ തട്ടി വീഴുകയായിരുന്നു. വലതുകൈക്ക് പരിക്കേറ്റു. ശസ്ത്രക്രിയക്ക് 60,000 രൂപ ചെലവു വരുമെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞിരിക്കുന്നത്. സാമ്പത്തികമായി പിന്നാക്കാവസ്ഥയിൽ നിൽക്കുന്ന കുടുംബമാണ് മുഹമ്മദ് ഷെമീറിന്റേത്.